< Back
Kerala
മന്ത്രിമാര്‍ക്ക് വീണ്ടും മുഖ്യമന്ത്രിയുടെ മാര്‍ക്കിടല്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശംമന്ത്രിമാര്‍ക്ക് വീണ്ടും മുഖ്യമന്ത്രിയുടെ മാര്‍ക്കിടല്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
Kerala

മന്ത്രിമാര്‍ക്ക് വീണ്ടും മുഖ്യമന്ത്രിയുടെ മാര്‍ക്കിടല്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

Sithara
|
5 Jun 2018 4:26 AM IST

വകുപ്പുകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍, അവയുടെ നിലവിലെ സ്ഥിതി, തുടങ്ങിയ കാര്യങ്ങള്‍ പൂരിപ്പിച്ച് നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം മന്ത്രിമാര്‍ക്ക് കൈമാറി.

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മന്ത്രിമാരുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി വീണ്ടും വിലയിരുത്തുന്നു. വകുപ്പുകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍, അവയുടെ നിലവിലെ സ്ഥിതി, തുടങ്ങിയ കാര്യങ്ങള്‍ പൂരിപ്പിച്ച് നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം മന്ത്രിമാര്‍ക്ക് കൈമാറി. ഈ മാസം ഏഴിന് മുന്‍പ് ഫോം പൂരിപ്പിച്ച കൈമാറണമെന്നായിരുന്നു നിര്‍ദ്ദേശമെങ്കിലും വകുപ്പുകള്‍ ഇത് പാലിച്ചിട്ടില്ല.

സംസ്ഥാനത്തിന്റെ പദ്ധതി വിനിയോഗ പുരോഗതിയും ഓരോ വകുപ്പിന്റെയും പ്രകടനവും കഴിഞ്ഞ ഒക്ടോബറിലാണ് മുഖ്യമന്ത്രി വിലയിരുത്തിയത്. മിക്ക വകുപ്പുകളുടെയും പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മന്ത്രിസഭ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മന്ത്രിമാരുടെ പ്രവര്‍ത്തനം വീണ്ടും വിലയിരുത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതിനായി പ്രത്യേക തരത്തിലുള്ള ഫോം മുഖ്യമന്ത്രിയുടെ ഓഫീസ് മന്ത്രിമാര്‍ക്ക് കൈമാറി. ഓരോ വകുപ്പുകളിലും ഇതുവരെ പൂര്‍ത്തീകരിച്ച പദ്ധതികള്‍, ഇനി പൂര്‍ത്തീകരിക്കാനുള്ളവ, വന്‍കിട പദ്ധതികള്‍, നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്നീ കാര്യങ്ങള്‍ ഫോമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഈ മാസം 7ന് മുന്‍പ് തന്നെ ഫോം തിരികെ നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശമെങ്കിലും എല്ലാ വകുപ്പുകളും അത് പാലിച്ചിട്ടില്ലെന്നാണ് സൂചന. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം തിരികെ വരുന്ന മുഖ്യമന്ത്രി വകുപ്പുകളുടെ പ്രവര്‍ത്തനം വിശദമായി വിലയിരുത്തും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം മന്ത്രിസഭയില്‍ അഴിച്ച് പണിയുണ്ടാകുമെന്ന സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി എല്ലാ വകുപ്പുകളുടേയും പ്രവര്‍ത്തനം വിലയിരുത്തുന്നത്.

Related Tags :
Similar Posts