എം ജി യൂണിവേഴ്സിറ്റിയില്‍ യുജിസി അംഗീകരിക്കാത്ത കോഴ്സുകള്‍എം ജി യൂണിവേഴ്സിറ്റിയില്‍ യുജിസി അംഗീകരിക്കാത്ത കോഴ്സുകള്‍
|യോഗ്യതയില്ലാത്തവരെ റിസര്‍ച്ച് ഗൈഡുകളായി നിയമിച്ചെന്നും സി എ ജി റിപ്പോര്‍ട്ട്
എം ജി യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സി എ ജി റിപ്പോര്‍ട്ട്. യുജിസി അംഗീകരിക്കാത്ത കോഴ്സുകള്‍ എം ജി യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ചു. യോഗ്യതയില്ലാത്തവരെ റിസര്‍ച്ച് ഗൈഡുകളായി നിയമിച്ചെന്നും റിപ്പോര്‍ട്ട്. പരീക്ഷാ ഫലവും പുനഃപരിശോധനാ ഫലവും പ്രഖ്യാപിക്കുന്നതില്‍ കാലതാമസം നേരിടുന്നതായും സി എ ജിയുടെ കണ്ടെത്തല്‍.
നിയമപരമായ സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് യൂണിവേഴ്സിറ്റി കോഴ്സുകള്‍ നിര്‍ദേശിച്ചത്. ബാര്‍കൌണ്‍സില്‍ ഓഫ് ഇന്ത്യുയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമപഠന കോഴ്സുകള്‍ ആരംഭിച്ചതായും വിമര്‍ശമുണ്ട്. മാത്രമല്ല, യുജിസി നിര്‍ദേശിച്ച പ്രകാരം ഏകീകൃത പാഠ്യപദ്ധതി തയ്യാറാക്കുന്നതില്‍ എം ജി യൂണിവേഴ്സിറ്റി പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എം ജി യൂണിവേഴ്സിറ്റി ആരംഭിച്ച പല കോഴ്സുകള്‍ക്കും യുജിസിയുടെ അംഗീകാരം ഉണ്ടായിരുന്നില്ലെന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.
പരീക്ഷാ ഫലവും പുനഃപരിശോധനാ ഫലവും പ്രഖ്യാപിക്കുന്നതില്‍ 1 മാസം മുതല്‍ 9 മാസം വരെ കാലതാമസം നേരിടുന്നു. ഇതുമൂലം കോഴ്സ് കാലാവധി അനന്തമായി നീളുകയും വിദ്യാര്‍ത്ഥികള്‍ക്ക് സമയബന്ധിതമായി തുടര്‍പഠനത്തിന് പ്രവേശം ലഭിക്കുന്നതിനും തടസ്സമാവുകയും ചെയ്യുന്നുണ്ട്. പലപ്പോഴും മൂല്യനിര്‍ണയത്തില്‍ കൃത്യതയില്ലെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. 59 ശതമാനം ബിരുദ സാക്ഷ്യപത്രങ്ങളും അപേക്ഷ ലഭിച്ച് 6 മാസത്തിനു ശേഷമാണ് നല്‍കിയത്.
റിസര്‍ച്ച് ഗൈഡുകളായി കണ്ടെത്തിയ 197 അധ്യാപകര്‍ക്ക് യുജിസി നിഷ്കര്‍ഷിച്ച യോഗ്യതകളില്ല. സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കുന്നതില്‍ വീഴ്ച സംഭവിച്ചു. കരാര്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തി. ഇതുകാരണം യുജിസിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ധനസഹായം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയതിന് സ്ഥിരം അധ്യാപകര്‍ക്ക് 13.97 കോടിയുടെ അനര്‍ഹ വേതനം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. നിര്‍ത്തലാക്കിയ തസ്തികകളിലേക്ക് സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചു കൊണ്ട് സ്ഥാനക്കയറ്റം നടത്തിയതായും സി എ ജി കണ്ടെത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റിയില്‍ ആന്തരിക ഓഡിറ്റ് വിഭാഗം ഇല്ലാതിരുന്നതാണ് നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.