< Back
Kerala
ജിഷ വധക്കേസില്‍ പ്രതി അടുത്ത ബന്ധുവെന്ന് സൂചനജിഷ വധക്കേസില്‍ പ്രതി അടുത്ത ബന്ധുവെന്ന് സൂചന
Kerala

ജിഷ വധക്കേസില്‍ പ്രതി അടുത്ത ബന്ധുവെന്ന് സൂചന

admin
|
5 Jun 2018 5:37 AM IST

അഞ്ച് ദിവസത്തിനുള്ളില്‍ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണം സംഘം. നൂറിലേറെ പേരുടെ മൊഴികളില്‍ നിന്നുമാണ് ഇത്തരത്തിലൊരു നിഗമനം....


ജിഷ വധക്കേസില്‍ പ്രതി ജിഷയുടെ ബന്ധു തന്നെയെന്ന് സൂചന. അഞ്ച് ദിവസത്തിനുള്ളില്‍ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണസംഘം. ജിഷയുമായും അമ്മയുമായും അടുത്ത ബന്ധമുള്ള ഒരാള്‍ക്ക് കൃത്യത്തില്‍ നേരിട്ടു ബന്ധമുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം സൂചന നല്‍കിയിരുന്നു. നൂറിലേരെ പേരുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്നാണ് സൂചന.

കണ്ണൂരില്‍ നിന്ന് പിടികൂടിയ ജിഷയുടെ അയല്‍വാസി കുറ്റം നിഷേധിച്ചു. ഇയാള്‍ക്കെതിരെ ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. അതേസമയം ജിഷയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ജിഷയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെയും പരിസരങ്ങളിലെയും തെളിവുകളും സാഹചര്യത്തെളിവുകളും അന്വേഷണത്തെ മുന്നോട്ടുകൊണ്ടുപോകാത്ത സാഹചര്യത്തില്‍ ശാസ്ത്രീയതെളിവുകളെയാണ് അന്വേഷണസംഘം ആശ്രയിക്കുന്നത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ജിഷയുടെ അയല്‍വാസിയെ കണ്ണൂരില്‍ നിന്നും പിടികൂടിയത്.

എന്നാല്‍ ഇയാളുടെ വിരലടയാളം സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ചതിനോട് സാദൃശ്യപ്പെടുന്നില്ലെന്നാണ് വിവരം. ഇയാള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു. നിലവില്‍ അഞ്ചിലധികം പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അതിനിടെ പ്രതിയുടേതെന്ന് കരുതുന്ന രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

ഇതൊഴിച്ചാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്‍റെ റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ലഭിച്ചു. ജിഷയുടെ ശരീരത്തില്‍ ചെറുതും വലുതുമായ 38 മുറിവുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബലാത്സംഗശ്രമം നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണം ഫോറന്‍സിക് ലാബില്‍ നടക്കുന്ന ആന്തരികാവയവങ്ങളുടെ രാസപരിശോധനക്ക് ശേഷമെ വെളിവാകുകയുള്ളൂ. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തി പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Related Tags :
Similar Posts