കെവിഎം ആശുപത്രിയില്‍ ദിവസക്കൂലിയ്ക്ക് ആളെ നിയമിച്ച് നേഴ്‌സുമാരുടെ സമരം പരാജയപ്പെടുത്താന്‍ ശ്രമം
|കെവിഎം ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം ഒരു മാസത്തോടടുക്കുന്ന സാഹചര്യത്തിലാണ് നഴ്‌സിംഗ് ജോലികള്‍ക്കായി ദിവസക്കൂലിക്ക് ആളുകളെ നിയമിച്ച് സമരത്തെ നേരിടാന്‍ ആശുപത്രി മാനേജ്‌മെന്റ് ശ്രമിക്കുന്നത്.
പ്രതികാര നടപടിക്കെതിരെ നഴ്‌സുമാര്‍ സമരം ചെയ്യുന്ന ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ ദിവസക്കൂലിയ്ക്ക് ആളെ നിയമിച്ച് സമരം പരാജയപ്പെടുത്താന്‍ മാനേജ്‌മെന്റ് ശ്രമം. അത്യാഹിത വിഭാഗത്തിലും അടിയന്തര സേവന വിഭാഗങ്ങളിലുമടക്കം ദിവസക്കൂലിക്ക് ആളെ വെച്ച് ആശുപത്രി പ്രവര്‍ത്തിപ്പിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. രണ്ടു മന്ത്രിമാര്‍ അടക്കം ചര്‍ച്ച നടത്തിയിട്ടും സമരം ഒത്തു തീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.
കെവിഎം ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം ഒരു മാസത്തോടടുക്കുന്ന സാഹചര്യത്തിലാണ് നഴ്‌സിംഗ് ജോലികള്‍ക്കായി ദിവസക്കൂലിക്ക് ആളുകളെ നിയമിച്ച് സമരത്തെ നേരിടാന്‍ ആശുപത്രി മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഇതിനകം ഇരുപത്തഞ്ച് പേരെ ദിവസക്കൂലിക്ക് നിയമിച്ച് കഴിഞ്ഞു. 140 ഓളം നഴ്‌സുമാരുണ്ടായിട്ടും മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാന്‍ കഴിയാതിരുന്നിടത്താണ് ഈ ദിവസക്കൂലിക്കാരെയും അത്യാഹിത, അടിയന്തര വിഭാഗങ്ങളിലെ സേവനത്തിന് മാത്രമായി സമരത്തിനിടയിലും ജോലിക്ക് കയറുന്ന യുഎന്‍എ അംഗങ്ങളായ സ്റ്റാഫ് നേഴ്‌സുമാരെയും മാത്രം വെച്ച് ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നത്.
അര്‍ഹമായ വേതനം നല്‍കുക, മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക, പ്രതികാര നടപടിയായി പിരിച്ചു വിട്ട രണ്ടുപേരെ തിരിച്ചെടുക്കുക തുടങ്ങിയ നഴ്‌സുമാരുടെ ആവശ്യങ്ങളോട് ഇപ്പോഴും പൂര്‍ണമായി മുഖം തിരിച്ച് നില്‍ക്കുകയാണ് ആശുപത്രി മാനേജ്‌മെന്റ്. മുഖ്യമന്ത്രിയുടെ നിര്‍ദേശം ലംഘിക്കപ്പെട്ടുവെന്നു വ്യക്തമായിട്ടും, രണ്ട് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ നിഷേധാത്മക സമീപനം പുലര്‍ത്തിയിട്ടും ആശുപത്രി മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരും തയ്യാറായിട്ടില്ല.