ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ തകരാര്‍; പരാതികളോട് മുഖംതിരിച്ച് ഹെല്‍പ് ഡെസ്ക്ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ തകരാര്‍; പരാതികളോട് മുഖംതിരിച്ച് ഹെല്‍പ് ഡെസ്ക്
|ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ തകരാറുകള്‍ സംബന്ധിച്ച ഇ മെയില്‍ പരാതികളില്‍ 70 ശതമാനത്തിനും ജിഎസ്ടി ഹെല്‍പ് ഡെസ്ക് മറുപടി നല്‍കിയില്ല.
ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ തകരാറുകള്‍ സംബന്ധിച്ച ഇ മെയില്‍ പരാതികളില്‍ 70 ശതമാനത്തിനും ജിഎസ്ടി ഹെല്‍പ് ഡെസ്ക് മറുപടി നല്‍കിയില്ല. അഞ്ചര ലക്ഷത്തിലധികം ഇ മെയില്‍ പരാതികളാണ് സെപ്തംബര്‍ വരെ ജിഎസ്ടി നെറ്റ്‌വര്‍ക്കിന് ലഭിച്ചത്. ഇതില്‍ ഒന്നേമുക്കാല്‍ ലക്ഷം ഇ മെയിലുകള്‍ക്ക് മാത്രമാണ് മറുപടി നല്‍കിയത്.
ജിസ്ടി നടപ്പാക്കാന്‍ ചുമതലപ്പെട്ട ജിഎസ്ടിഎന്‍ അഥവാ ചരക്ക് സേവന നികുതി ശൃംഖലക്ക് ലഭിച്ചത് പരാതി പ്രളയമെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി വ്യക്തമാക്കുന്നു. സെപ്തംബര്‍ വരെ ലഭിച്ചത് 5,61,749 ഇ മെയില്‍ പരാതികള്‍. ഏജന്‍സി മറുപടി നല്‍കിയതാവട്ടെ 1,71,864 ഇമെയില്‍ പരാതികള്‍ക്ക് മാത്രം. 69.40 ശതമാനം മെയിലുകളും മറുപടി ലഭിച്ചിട്ടില്ല. റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് സാങ്കേതിക തകരാറുമൂലം അനന്തമായി നീളുകയാണ്. നിരന്തരമായി ഉണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ വ്യാപാരികളുടെ പണം കവരുകയാണ്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രജിസ്ട്രേഷനുള്ള 85 ലക്ഷത്തിലധികം നികുതിദായകരായ വ്യാപാരികളുണ്ട്. പക്ഷേ ഒരേ സമയം 80,000 പേര്‍ക്ക് മാത്രമേ റിട്ടേണ്‍ സമര്‍പ്പിക്കാനാവൂ എന്നതാണ് സ്ഥിതി. കൂടുതല്‍ പേര്‍ വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യും.
പുതിയ നികുതി സംവിധാനം നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 49 ശതമാനം ഓഹരികളും സ്വകാര്യ കമ്പനികള്‍ക്ക് 51 ശതമാനവും നല്‍കി കമ്പനി രൂപീകരിക്കുകയായിരുന്നു. സാങ്കേതിക സംവിധാനമൊരുക്കാന്‍ 1371.71 കോടി രൂപയ്ക്ക് ഇന്‍ഫോസിസിനാണ് കരാര്‍ നല്‍കിയത്. എന്നാല്‍ സാങ്കേതിക തകരാര്‍ സംബന്ധിച്ച് ഒരു വിശദീകരണവും സര്‍ക്കാരോ ഇന്‍ഫോസിസോ ഇതുവരെ നല്‍കിയിട്ടില്ല.