എല്‍ഡിസി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന അന്ത്യശാസനത്തിനും ഫലമില്ല
|റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ വകുപ്പുകള്‍ ഒളിച്ചുകളിക്കുന്നു
എല്‍ഡിസി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ അന്ത്യശാസനത്തിനും ഫലമില്ല. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ വകുപ്പുകള്‍ ഒളിച്ചുകളിക്കുന്നു. 943 ഒഴിവുകള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. റാങ്ക് കാലാവധി നീട്ടിയില്ലെങ്കില്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രയത്നമാണ് വെറുതെയാവുക.
2015ല്‍ നിലവില്‍ വന്ന എല്‍ ഡി സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് നാളെ. 23792 പേരുടെ ലിസ്റ്റില്‍ നിന്ന് ഇതുവരെ നിയമനം ലഭിച്ചത് 10000 ഓളം പേര്‍ക്ക് മാത്രം. ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം നിരസിച്ച സര്‍ക്കാര്‍ പരമാവധി ഒഴിവകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം നല്‍കാമെന്ന മറുപടിയാണ് നല്‍കിയത്. 27ന് മുന്‍പ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കാട്ടി 10 ദിവസം മുന്‍പ് മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് അന്ത്യശാസനം നല്‍കി. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 943 ഒഴിവുകള്‍ മാത്രം. ട്രഷറി, പൊലീസ് വകുപ്പുകള്‍ തീരെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. നാളെ ഒരു ദിവസം കൊണ്ട് അദ്ഭുതമൊന്നും സംഭവിക്കാനുമില്ല.
ചരിത്രത്തില്‍ തന്നെ ഏറ്റവും കുറവ് നിയമനങ്ങള്‍ നടന്ന ലിസ്റ്റായിരിക്കും ഈ എല്‍ ഡി സി റാങ്ക് ലിസ്റ്റ്. കഴിഞ്ഞ തവണത്തെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന സന്ദര്‍ഭത്തില്‍ സൂപ്പര്‍ ന്യൂമററി ഒഴിവുകള്‍ സൃഷ്ടിച്ചത് മൂലം നഷ്ടമായ 1600 ഒഴിവുകളെങ്കിലും തിരിച്ചു നല്‍കണമെന്ന ആവശ്യവും പരിഗണിക്കാതെ പോവുകയാണ്. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ സ്വപ്നങ്ങളാണ് ഇതോടെ തകരുന്നത്. വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്താണ് ഒരു ലിസ്റ്റില്‍ കയറിപ്പറ്റുന്നത്. പ്രായപരിധി കഴിഞ്ഞതിനാല്‍ പലര്‍ക്കും ഇനി ഒരു പി എസ് സി പരീക്ഷ എഴുതാന്‍ കഴിയില്ല. എഴുതുന്നവര്‍ക്ക് തന്നെ കിട്ടുമെന്നുറപ്പുമില്ല. ലിസ്റ്റിന്റെ കാലാവധി നീട്ടാനാകില്ലെന്ന വാശിയില്‍ തന്നെയാണ് സര്‍ക്കാരും.