നീനുവിന്‍റെ കണ്ണീര്‍ രാഷ്ട്രീയ സാമൂഹ്യ ഭരണ സംവിധാനത്തെ ചുട്ടുപൊള്ളിക്കും: തോമസ് ഐസക്നീനുവിന്‍റെ കണ്ണീര്‍ രാഷ്ട്രീയ സാമൂഹ്യ ഭരണ സംവിധാനത്തെ ചുട്ടുപൊള്ളിക്കും: തോമസ് ഐസക്
|നവോത്ഥാന കേരളത്തിന്റെ ശിരസിലേറ്റ ശാപമാണ് ആ കണ്ണുനീര്‍. ഇക്കാര്യങ്ങളൊക്കെ സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കപ്പെടുമെന്ന് തോമസ് ഐസക്
പാര്‍ട്ടിയും ഡിവൈഎഫ്ഐയും കൂടെയുണ്ടായിരുന്നിട്ടും, പാര്‍ട്ടി നേതാക്കളായ തങ്ങളൊക്കെ ഭരണ നേതൃത്വത്തിലുണ്ടായിട്ടും, കെവിന് ഭരണസംവിധാനത്തില്‍ നിന്ന് ന്യായമായും കിട്ടേണ്ട സുരക്ഷ ലഭിച്ചില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നീനുവിന്റെ കണ്ണീര്‍ രാഷ്ട്രീയ സാമൂഹ്യ ഭരണ സംവിധാനത്തെ ചുട്ടുപൊള്ളിക്കും. നവോത്ഥാന കേരളത്തിന്റെ ശിരസിലേറ്റ ശാപമാണ് ആ കണ്ണുനീര്‍. ഇക്കാര്യങ്ങളൊക്കെ സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കപ്പെടും. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് ഇപ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണം നീതിക്ക് നിരക്കുന്നതല്ലെന്നും തോമസ് ഐസക് പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിന്മേല്‍ അന്വേഷണം നടത്താതിരിക്കുന്നതിന് എസ്ഐ പറഞ്ഞ ദുര്‍ബലമായ ഒഴിവുകഴിവാണ് മുഖ്യമന്ത്രിയുടെ പരിപാടി. എന്നാല്‍ എസ്ഐയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപം മുഖ്യമന്ത്രിയെ അടിക്കാനുള്ള വടിയാക്കുകയാണ് മാധ്യമങ്ങള്‍. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ ഒന്നര ദശകത്തോളം മാധ്യമങ്ങള്‍ നടത്തിയ വേട്ടയാടലിന്റെ തുടര്‍ച്ചയുമാണത്. അന്നത്തെ അപവാദങ്ങളുടെയും ഉപജാപത്തിന്റെയും കഥകള്‍ ഓര്‍മ്മയുള്ളവര്‍ക്കൊന്നും മാധ്യമങ്ങളുടെ ഈ അജണ്ടയ്ക്ക് കീഴടങ്ങാനാവില്ല. പ്രധാന പ്രതികളുടെ രാഷ്ട്രീയബന്ധം മറച്ചുവെച്ച് ഡിവൈഎഫ്ഐയ്ക്കെതിരെ നടത്തിയ പ്രചരണവും ഇതിന്റെ ഭാഗമായിത്തന്നെയാണ് കാണേണ്ടത്. അക്കാര്യം ഡിവൈഎഫ്ഐ തുറന്നു കാണിക്കുകയും ചെയ്തെന്ന് തോമസ് ഐസക് വിശദമാക്കി.
കെവിന്‍രെയും നീനുവിന്റെയും പ്രണയസാഫല്യം ഡിവൈഎഫ്ഐയുടെ കാര്‍മ്മികത്വത്തിലാണ് നടന്നത്. ആ പ്രണയത്തിന്റെ പേരില്‍ അവര്‍ വേട്ടയാടപ്പെട്ടപ്പോള്‍ അക്കാര്യം സ്റ്റേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനും നീതി തേടാനും ഒപ്പമുണ്ടായിരുന്നത് പാര്‍ട്ടി ഏരിയാ സെക്രട്ടറി അടക്കമുള്ളവരാണ്. സജീവമായി അവര്‍ കെവിന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു എന്ന് ആ കുടുംബം സമ്മതിക്കുന്നു. എന്നിട്ടും കെവിന്‍ ഇന്ന് ജീവിച്ചിരിപ്പിച്ചില്ല. ജാതിക്കും മതത്തിനുമതീതമായി ജീവിക്കാനെടുത്ത തീരുമാനത്തിന്റെ രക്തസാക്ഷികളാണ് കെവിനും നീനുവും. സവര്‍ണ മനോഭാവമാണ് ഈ വധശിക്ഷ നടപ്പിലാക്കിയത്. അതിന് പൊലീസില്‍ നിന്ന് ലഭിച്ച ഒത്താശ നല്‍കുന്ന സൂചന അപകടകരം തന്നെയാണ്. ഇക്കാര്യങ്ങളൊക്കെ സ്വയം വിമര്‍ശനപരമായി പരിശോധിക്കപ്പെടും. കേരളത്തിലെ കൊടിയ അപമാനത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ പോലീസുകാര്‍ക്കെതിരെ ഒരു നിമിഷം വൈകാതെ നടപടി സ്വീകരിച്ച മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം കെവിന്റെ വീട് സന്ദര്‍ശിച്ച പാര്‍ട്ടി സെക്രട്ടറിയും ആ സന്ദേശം തന്നെയാണ് സമൂഹത്തിന് നല്‍കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.