
അര്‍ജന്റീനയുടെ തോല്‍വി; പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
|‘എനിക്ക് ഈ ലോകത്തില്‍ കാണാന്‍ ഒന്നും ബാക്കിയില്ല. മരണത്തിന്റെ ആഴങ്ങളിലേക്ക് ഞാന്‍ പോകുകയാണ്. എന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വമില്ല’ എന്നാണ് ഡിനു ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നത്.
കോട്ടയം ആറുമാനൂര്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ സ്വദേശി ഡിനു അലക്‌സിന്റെ മൃതദേഹമാണ് ഇല്ലിക്കല്‍ പാലത്തിന് കീഴില്‍ കണ്ടെത്തിയത്. ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന തോറ്റതിന്റെ അന്ന് രാത്രി മുതലാണ് ദിനുവിനെ കാണാതായത്. ഡിനുവിന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് അര്‍ജന്റീന തോറ്റത്. പുലര്‍ച്ചെ വരെ കളി കണ്ടിരുന്ന ഡിനു ആത്മഹത്യാകുറിപ്പെഴുതി വെച്ച ശേഷം വീടു വിട്ടുപോയെന്നാണ് കരുതുന്നത്. ഡിനുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് നായ മീനച്ചിലാറിന്റെ തീരം വരെ മണം പിടിച്ചു പോയിരുന്നു. ഇതോടെയാണ് ഇയാള്‍ ആറ്റില്‍ ചാടിയതാണെന്ന സൂചന ലഭിക്കുന്നത്.
നീന്തലറിയാത്ത ഡിനുവിനുവേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസും അഗ്നിശമനസേനയും പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. 'എനിക്ക് ഈ ലോകത്തില്‍ കാണാന്‍ ഒന്നും ബാക്കിയില്ല. മരണത്തിന്റെ ആഴങ്ങളിലേക്ക് ഞാന്‍ പോകുകയാണ്. എന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല' എന്നാണ് ഡിനു ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നത്.
പത്തുവര്‍ഷം മുമ്പ് ഡിഗ്രി പരീക്ഷയില്‍ തോറ്റപ്പോള്‍ ഡിനു നാടുവിട്ടിരുന്നു. പിന്നീട് പരീക്ഷ പാസായതിന് ശേഷമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ബിഎസ്‌സി കെമിസ്ട്രി ബിരുദധാരിയായ ഡിനു എല്‍ഡിക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. സഹോദരി ദിവ്യ ഖത്തറില്‍ നേഴ്‌സാണ്.