
മുട്ടത്തറ ബീവറേജ് വിരുദ്ധ സമരം; സര്‍ക്കാരിനും പൊലീസിനുമെതിരെ സുധീരന്‍
|ആഭ്യന്തരവകുപ്പ് പരാജയമായതാണ് പൊലീസ് അഴിഞ്ഞാട്ടത്തിന് കാരണം
തിരുവനന്തപുരം മുട്ടത്തറ ബീവറേജ് വിരുദ്ധ സമരത്തിനെതിരായ നടപടിയില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ വി.എം സുധീരന്റെ രൂക്ഷവിമര്‍ശനം. ആഭ്യന്തരവകുപ്പ് പരാജയമായതാണ് പൊലീസ് അഴിഞ്ഞാട്ടത്തിന് കാരണം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പൊലീസില്‍ ഒരു നിയന്ത്രണവുമില്ലെന്നും സുധീരന്‍ ആരോപിച്ചു.
മുട്ടത്തറയിലെ മദ്യശാലക്ക് മുന്നിലെ സമരപ്പന്തല്‍ അര്‍ധരാത്രി പൊളിച്ചുമാറ്റിയതിനും സമരം ചെയ്തവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനും പിന്നാലെ മദ്യശാലാവിരുദ്ധസമരം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാര്‍. ബീവറേജ് മാറ്റിസ്ഥാപിക്കുന്നത് വരെ റിലേ സത്യാഗ്രഹം നടത്താനാണ് തീരുമാനം. സമരം സുധീരന്‍ ഉദ്ഘാടനം ചെയ്തു. മദ്യശാലയുടെ മറുവശത്തുള്ള ബാലകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് റിലേ സത്യാഗ്രഹസമരം. രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ എല്ലാവരെയും ഏകോപിപ്പിച്ചാണ് സമരം ശക്തമാക്കുന്നത്.
സമരത്തെ വര്‍ഗീയവത്കരിക്കാന്‍ പൊലീസ് ശ്രമം നടത്തുന്നതായും സമരസമിതി ആരോപിച്ചു. പാളയം ഇമാം വി.പി സുഹൈബ് മൌലവി, ലത്തീന്‍ അതിരൂപതാ വികാരി യൂജിന്‍ എച്ച് പെരേര തുടങ്ങി നിരവധിയാളുകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി. മദ്യശാലക്കെതിരെ 99 ദിവസമായി സമരം തുടരുകയാണ്. സമരസമിതിയിലെ നാല്‍പ്പതോളമാളുകളെ അറസ്റ്റ് ചെയ്ത് നീക്കി ഇന്നലെ മദ്യശാലയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു.