< Back
Kerala
ഫ്ലക്സ് നിരോധത്തിന് പിന്നില്‍ അഴിമതിയെന്ന് ആരോപണം
Kerala

ഫ്ലക്സ് നിരോധത്തിന് പിന്നില്‍ അഴിമതിയെന്ന് ആരോപണം

Web Desk
|
1 July 2018 11:37 AM IST

ഫ്ലക്സ് റീ സൈക്കിള്‍ പദ്ധതി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചതാണെന്നും അത് പൂഴ്ത്തിവെച്ച് സ്വകാര്യകമ്പനിയെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഫ്ലക്സ് പ്രിന്റിങ് ഉടമകളുടെ സംഘടന.

ഫ്ലക്സ് ബോര്‍ഡുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കുത്തകകളെ സഹായിക്കാനാണെന്ന് ആരോപണം. ഫ്ലക്സിന് പകരം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പൊളി എദിലീന്‍ എന്ന ഉല്‍പന്നത്തിന് ഫ്ലക്സിനേക്കാള്‍ മൂന്നിരട്ടി വില നല്‍കേണ്ടി വരും. ഫ്ലക്സ് റീസൈക്കിള്‍ ചെയ്യാന്‍ കഴിയുമെന്ന പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയതായും വ്യാപാരികള്‍ ആരോപിക്കുന്നു.

പരിസ്ഥിതി മലിനീകരണം തടയാന്‍ സംസ്ഥാനത്ത് ഫ്ലക്സ് നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. ഫ്ലക്സ് ഉല്‍പന്നങ്ങള്‍ റീ സൈക്കിള്‍ ചെയ്യാന്‍ കഴിയാത്ത അവസരത്തിലാണ് നിരോധിക്കേണ്ടി വരുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫ്ലക്സ് റീ സൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന പദ്ധതി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചതാണെന്നും അത് പൂഴ്ത്തിവെച്ച് സ്വകാര്യകമ്പനിയെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നുമാണ് ഫ്ലക്സ് പ്രിന്റിങ് ഉടമകളുടെ സംഘടന ആരോപിക്കുന്നത്.

ഫ്ലക്സിനെക്കാള്‍ മൂന്നിരട്ടി വില വരുന്ന ഈ ഉല്‍പന്നം ബാംഗ്ലൂര്‍ ആസ്ഥാനമായ സ്വകാര്യകമ്പനി മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. ഫ്ലക്സ് പ്രിന്റിങ് യൂണിറ്റ് ഉടമകളുടെ സംഘടന ഇരുപത്ത് അഞ്ച് ലക്ഷം മുതല്‍ 1 കോടി രൂപ വരെ മുതല്‍ മുടക്കിലാണ് ഓരോ ഫ്ലക്സ് പ്രിന്റിങ് സ്ഥാപനങ്ങളും ആരംഭിച്ചിരിക്കുന്നത്. ഫ്ലക്സ് റീ സൈക്കിള്‍ ചെയ്യാനുള്ള പ്ലാന്റെ് പ്രിന്റിങ് യൂണിറ്റുകളുടെ സ്വന്തം ചെലവില്‍ ആരംഭിക്കാന്‍ തയാറാണെന്നും പ്രിന്റിങ് സ്ഥാപന ഉടമകളുടെ സംഘടന ഭാരവാഹികള്‍ പറയുന്നു.

Related Tags :
Similar Posts