< Back
Kerala
മലബാര്‍ പ്ലസ്‍വണ്‍ സീറ്റ് പ്രശ്നം; സര്‍ക്കാര്‍ പ്രഖ്യാപനം അപ്രായോഗികം
Kerala

മലബാര്‍ പ്ലസ്‍വണ്‍ സീറ്റ് പ്രശ്നം; സര്‍ക്കാര്‍ പ്രഖ്യാപനം അപ്രായോഗികം

Web Desk
|
1 July 2018 11:36 AM IST

പ്ലസ് വണ്‍ സീറ്റ് അലോട്ട്മെന്‍റ് പൂര്‍ത്തിയായ ശേഷം തെക്കന്‍ ജില്ലകളിലെ അധിക സീറ്റുകള്‍ മലബാറിലേക്ക് മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അപ്രായോഗികം.

പ്ലസ് വണ്‍ സീറ്റ് അലോട്ട്മെന്‍റ് പൂര്‍ത്തിയായ ശേഷം തെക്കന്‍ ജില്ലകളിലെ അധിക സീറ്റുകള്‍ മലബാറിലേക്ക് മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അപ്രായോഗികം. സര്‍ക്കാര്‍ ഉറച്ച തീരുമാനമെടുത്താല്‍ പോലും പൂര്‍ണമായും ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ പോലും മാറ്റുക വെല്ലുവിളിയാകും.

അതേസമയം മലപ്പുറത്ത് മാത്രം 30422 കുട്ടികള്‍ക്ക് പ്ലസ്‍വണ്‍ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായി. തിരുവനന്തപുരം മുതല്‍ പത്തനം തിട്ട വരെയുള്ള ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം പ്ലസ്‍വണ്‍ സീറ്റുകള്‍ പഠിക്കാന്‍ കുട്ടികളില്ലാത്തത് കൊണ്ട് മാത്രം ഒഴിഞ്ഞു കിടന്നിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകള്‍ 18870 ആണെങ്കില്‍ ഈ വര്‍ഷത്തെ അപേക്ഷകര്‍ 17533 ആണ്. മുഴുവന്‍ അപേക്ഷകര്‍ക്കും സീറ്റ് നല്‍കിയാല്‍ പോലും 1317 പ്ലസ്‍വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. തെക്കന്‍ ജില്ലകളില്‍ ഒഴിവു വരുന്ന സീറ്റുകള്‍ മലബാറിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്.

നൂറിലധികം സ്കൂളുകളിലായി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ മാറ്റുക എന്നത് നടക്കാത്ത കാര്യമാണ്. ഏതെങ്കിലും ബാച്ചുകള്‍ മുഴുവനായി ഒഴിഞ്ഞുകിടന്നാലും അത് മാറ്റണമെങ്കില്‍ അധ്യാപക സംഘടനകളുടെ എതിര്‍പ്പ് മറികടക്കേണ്ടി വരും.

വര്‍ധിപ്പിച്ച സീറ്റുകളില്‍ കൂടി പ്രവേശനം നല്‍കിയാലും മലപ്പുറം ജില്ലയില്‍ മാത്രം 30422 കുട്ടികള്‍ക്ക് പ്ലസ്ടുവിന് സീറ്റ് ലഭിക്കില്ല. അവസാന അലോട്ട്മെന്‍റിന് ശേഷവും സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കേണ്ടി വരുന്ന കുട്ടികള്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരമായിട്ടില്ലെന്നതാണ് വാസ്തവം.

Similar Posts