< Back
Kerala
നിപയുടെ ഉറവിടം പഴംതീനി വവ്വാലില്‍ നിന്നാണെന്ന് സ്ഥിരീകരണം
Kerala

നിപയുടെ ഉറവിടം പഴംതീനി വവ്വാലില്‍ നിന്നാണെന്ന് സ്ഥിരീകരണം

Web Desk
|
3 July 2018 2:03 PM IST

ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

നിപ വൈറസുകൾ മനുഷ്യരിലേക്ക് പകർന്നത് പഴം തീനി വവ്വാലുകളിൽ നിന്ന് ആണെന്ന് ഉറപ്പായി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ധയും ഇക്കാര്യം സ്ഥിരീകരിച്ചു.

നിപ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് നിന്ന് നിന്നുമാണ് പഴം തീനി വവ്വാലുകളെ പരിശോധനക്കായി ശേഖരിച്ചത്. ആദ്യഘട്ടത്തില്‍ 21 വവ്വാലുകളുടെ സാമ്പിള്‍ പരിശോധിച്ചെങ്കിലും നിപ കണ്ടത്താനായില്ല. പിന്നീട് രണ്ടാം ഘട്ടത്തില്‍ പരിശോധിച്ച 55 വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഇതിലാണ് വൈറസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ധയും ശരിവച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ വവ്വാലുകളെ തെരെഞ്ഞെടുത്തതിലുള്ള പിഴവാണ് പരിശോധന ഫലം നെഗറ്റീവാകാന്‍ കാരണമായത് എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.സംസ്ഥാനത്ത് നിപ ഇതിനകം പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടുണ്ട്. കോഴിക്കോട്,മലപ്പുറം ജില്ലകളെ പൂര്‍ണമായും നിപ വിമുക്ത മേഖലകളായി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിപയുടെ പശ്ചാതലത്തില്‍ സമാനമായ മറ്റു വൈറസ് ബാധകളെ കുറിച്ചുള്ള പരിശോധനയും ശക്തമാക്കിയതായി ഐ.സി.എം.ആര്‍‌ വ്യക്താക്കി.

Similar Posts