< Back
Kerala
പ്രതികളെ പിടികൂടിയില്ലെങ്കില്‍ മരിക്കുമെന്ന് അഭിമന്യുവിന്‍റെ അച്ഛന്‍
Kerala

പ്രതികളെ പിടികൂടിയില്ലെങ്കില്‍ മരിക്കുമെന്ന് അഭിമന്യുവിന്‍റെ അച്ഛന്‍

Web Desk
|
11 July 2018 11:24 AM IST

മഹാരാജാസ് കോളജില്‍നിന്നെത്തിയ അധ്യാപകരോടു സംസാരിക്കവെയാണ് അഭിമന്യുവിന്‍റെ അച്ഛന്‍ വികാരാധീനനായത്

അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതികളെ പത്ത് ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിന്‍റെ അച്ഛന്‍ മനോഹരന്‍. മഹാരാജാസ് കോളജില്‍നിന്നെത്തിയ പ്രധാന അധ്യാപകനോടും മറ്റ് അധ്യാപകരോടും സംസാരിക്കവെയാണ് അഭിമന്യുവിന്‍റെ അച്ഛന്‍ വികാരാധീനനായത്.

വട്ടവടയില്‍പെയ്യുന്ന തോരാമഴ പോലെ കണ്ണീരൊഴുകുകയാണ് അഭിമന്യുവിന്‍റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്ണുകളില്‍. മഹാരാജാസ് കോളജിലെ പ്രധാനാധ്യാപകന്‍റെ നേതൃത്വത്തില്‍ അധ്യാപക അനധ്യാപക സംഘമാണ് അഭിമന്യുവിന്‍റെ വീട്ടില്‍ ചൊവാഴ്ച്ച ഉച്ചയോടെ എത്തിയത്. അധ്യാപകര്‍ ഓര്‍മകള്‍ പങ്കുവച്ചപ്പോള്‍, മകനെയോര്‍ത്ത് അച്ഛന്‍റെ ദുഖം അണപൊട്ടി.

ഒരേ ഒരു ആവശ്യം. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ തങ്ങള്‍ മരിക്കുമെന്ന് വാവിട്ട് കരഞ്ഞ് അഭിമന്യുവിന്‍റെ അച്ഛന്‍. ആരോ വരച്ച അഭിമന്യുവിന്‍റെ ചിത്രം കൈയിലേക്ക് നല്‍കിയപ്പോഴും മനോഹരന് താങ്ങാനായില്ല.

മഹാരാജാസിലെ അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് അഞ്ച് ലക്ഷത്തി നാല്‍പതിനായിരം രൂപയുടെ ചെക്ക് അച്ഛന് കൈമാറിയാണ് അഭിമന്യുവിന്‍റെ പ്രിയ അധ്യാപകര്‍ ആ ഒറ്റമുറി വീട് വിട്ടത്.

Similar Posts