< Back
Kerala
ഇതരസംസ്ഥാന തൊഴിലാളിയുടെ കൊല: അറസ്റ്റിലായവര്‍ കുറ്റം സമ്മതിച്ചു
Kerala

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊല: അറസ്റ്റിലായവര്‍ കുറ്റം സമ്മതിച്ചു

Web Desk
|
17 July 2018 1:59 PM IST

ഒരാഴ്ച മുമ്പ് സമീപത്തുള്ള വീട്ടില്‍ നിന്ന് കോഴികളെ വാങ്ങി മടങ്ങും വഴിയാണ് അഞ്ചംഗസംഘം മണിക് റോയിയെ തടഞ്ഞ് നിര്‍ത്തിയത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ട് പേരാണ് അറസ്റ്റിലായത്.

കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ട് പേരാണ് അറസ്റ്റിലായത്. കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു ബംഗാള്‍ സ്വദേശിയായ മണിക് റോയിയെ ആള്‍കൂട്ടം ആക്രമിച്ചത്.

ഒരാഴ്ച മുമ്പ് സമീപത്തുള്ള വീട്ടില്‍ നിന്ന് കോഴികളെ വാങ്ങി മടങ്ങും വഴിയാണ് അഞ്ചംഗസംഘം മണിക് റോയിയെ തടഞ്ഞ് നിര്‍ത്തിയത്. കോഴികളെ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് സംഘം മണിയെ അരമണിക്കൂറിലധികം ചോദ്യം ചെയ്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മണിയെ പിടിച്ച് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും പട്ടിക കക്ഷണം ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തുകയും ചെയ്തു. മണിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരാഴ്ച നീണ്ട ചികിത്സക്ക് ശേഷം മണി വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇന്നലെ രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴി മരിക്കുകയും ചെയ്തു. തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ശശിധരകുറുപ്പും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൂടിയായ ആസിഫും കുറ്റം സമ്മതിച്ചിട്ടുണ്ട്

സംഭവത്തില്‍ അഞ്ച് പേര്‍ ഉള്‍പ്പെട്ടതായാണ് പൊലീസ് നിഗമനം. മറ്റുപ്രതികള്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മണിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Similar Posts