< Back
Kerala
വിദ്യാഭ്യാസ വിചക്ഷണനും ബഹുഭാഷാ പണ്ഡിതനുമായ കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു
Kerala

വിദ്യാഭ്യാസ വിചക്ഷണനും ബഹുഭാഷാ പണ്ഡിതനുമായ കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു

Web Desk
|
19 July 2018 5:59 PM IST

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ബഹുഭാഷാ പണ്ഡിതനുമായ കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1919ല്‍ മലപ്പുറം കുറുവയിലാണ് കരുവള്ളി മുഹമ്മദ് മൗലവി ജനിച്ചത്. 1941 മുതല്‍ വിവിധ സ്‌കൂളുകളില്‍ ഉറുദു അധ്യാപകനായി ജോലി ചെയ്തു. 1962 ല്‍ പ്രഥമ മലബാര്‍ മുസ്‍ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി നിയമിതനായി. പൊതുവിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനത്തിന് അസ്ഥിവാരമിട്ടത് കരുവള്ളി മൗലവിയാണ്. അറബി ഭാഷാ പഠനത്തിന്റെ വളര്‍ച്ചക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച കരുവള്ളി മൗലവി അധ്യാപക സമൂഹത്തിന്റെ അവകാശ പോരാട്ടങ്ങളിലും മുന്‍പന്തിയിലുണ്ടായിരുന്നു. അറബിക് പണ്ഡിറ്റ് യൂനിയന്റെയും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെയും സ്ഥാപക നേതാവ് കൂടിയാണ് അദ്ദേഹം.

വിവിധ യൂനിവേഴ്‌സിറ്റികളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും സര്‍ക്കാരിന്റെ വിവിധ കമ്മിറ്റികളിലും ചുമതലകള്‍ നിര്‍വഹിച്ചു. കേരള നദ് വതുല്‍ മുജാഹിദീന്റെ കൂടിയാലോചന സമിതി അംഗം, എംഎസ്എസ്സിന്റെ വൈസ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. 101ആം വയസ്സിലാണ് കരുവള്ളി മൗലവി ഈ ലോകത്തോട് യാത്ര പറഞ്ഞത്.

Related Tags :
Similar Posts