< Back
Kerala
ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഎമ്മില്‍ ധാരണവെണ്‍മണി പഞ്ചായത്തില്‍ പ്രതീക്ഷ കൈവിടാതെ ഇടതുമുന്നണി
Kerala

ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഎമ്മില്‍ ധാരണ

Web Desk
|
21 July 2018 9:33 PM IST

വര്‍ഷങ്ങളായി മുന്നണിയുമായി സഹകരിക്കുന്ന ഐഎന്‍എല്ലിനെ എല്‍ഡിഎഫിന്റെ ഭാഗമാക്കാനുള്ള ധാരണ നേരത്തെ ഉണ്ടായിട്ടുണ്ട്.വിരേന്ദ്രകുമാറിന്റെ ജനതാദളിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനവും യോഗത്തില്‍...

ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് മുന്നണി വിപുലീകരിക്കാന്‍ സിപിഎമ്മില്‍ ധാരണ. പുതിയ ഏതൊക്കെ കക്ഷികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ഈ മാസം 16ന് ചേരുന്ന ഇടത് മുന്നണി യോഗം അന്തിമ തീരുമാനമെടുക്കും. കേരളത്തിലെ സര്‍വ്വകക്ഷി സംഘത്തോട് പ്രധാനമന്ത്രി സ്വീകരിച്ച നിഷേധാത്മകമായ നിലപാടില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന കമ്മറ്റി പ്രമേയം പാസ്സാക്കി.

ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടിയെടുക്കുന്ന തരത്തില്‍ മുന്നണിയെ ശക്തിപ്പെടുത്തണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി വിട്ട് പോയ ആര്‍എസ്പിയെ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി ക്ഷണിച്ചത്. മൂന്ന് ദിവസം നീണ്ട് നിന്ന നേതൃയോഗത്തിലും മുന്നണി വീപുവലീകരണം ചര്‍ച്ചക്ക് വന്നു.

മുന്നണി വിട്ട് പോയവരേയും, മുന്നണിയുമായി സഹകരിക്കാന്‍ താത്പര്യമുള്ളവരേയും എല്‍ഡിഎഫിലേക്ക് അടുപ്പിക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്ന് വന്നു. ഇതിന് അനുകൂലമായിട്ടാണ് നേതൃത്വം പ്രതികരിച്ചത്. മുന്നണി വിപുലീകരണം വേണമെന്നും, ഏതൊക്കെ പാര്‍ട്ടികളെ മുന്നണിയുടെ ഭാഗമാക്കണമെന്നും ഇടത് മുന്നണിയോഗം തന്നെ തീരുമാനിക്കും. ഈ മാസം 26 നാണ് മൂന്നണി യോഗം ചേരുന്നത്. വര്‍ഷങ്ങളായി മുന്നണിയുമായി സഹകരിക്കുന്ന ഐഎന്‍എല്ലിനെ എല്‍ഡിഎഫിന്റെ ഭാഗമാക്കാനുള്ള ധാരണ നേരത്തെ ഉണ്ടായിട്ടുണ്ട്.

വിരേന്ദ്രകുമാറിന്റെ ജനതാദളിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനവും യോഗത്തില്‍ ഉണ്ടായേക്കും. ജനാധിപത്യകേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള, ആര്‍എസ്പി ലെനിനിസ്റ്റ് എന്നീ പാര്‍ട്ടികളും മൂന്നണിപ്രവേശ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം സര്‍വ്വകക്ഷി സംഘത്തോട് പ്രധാനമന്ത്രി സ്വീകരിച്ച നിഷേധാത്മകമായ നിലപാടില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന കമ്മറ്റി പ്രമേയം പാസ്സാക്കി.

അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള നിവേദനം നല്‍കിയിട്ടും അത് അംഗീകരിക്കാത്തത് ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ കേരളീയരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനും പറഞ്ഞു.

Related Tags :
Similar Posts