< Back
Kerala
ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിന് ഹൈക്കോടതി ഉത്തരവ്
Kerala

ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിന് ഹൈക്കോടതി ഉത്തരവ്

Web Desk
|
23 July 2018 2:19 PM IST

അടുത്ത സീസൺ മുതൽ ഉത്തരവ് നടപ്പാക്കണം. ഇരു മൂടി കെട്ടിലടക്കം പ്ലാസ്റ്റിക്‌ ഉല്‍പ്പന്നങ്ങൾ കൊണ്ടുപോകാൻ ആവില്ല

ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിന് ഹൈക്കോടതി ഉത്തരവ്. ഇരു മൂടി കെട്ടിലടക്കം പ്ലാസ്റ്റിക്‌ ഉല്‍പ്പന്നങ്ങൾ കൊണ്ടുപോകാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. അടുത്ത സീസൺ മുതൽ ഉത്തരവ് നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

ശബരിമല സ്പെഷ്യൽ കമ്മീഷണർ എം മനോജിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ഇരു മുടിക്കെട്ടിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂജ വസ്തുക്കൾ പൂർണമായും നിരോധിച്ചാണ് ഉത്തരവ്. തന്ത്രി നിഷ്കര്‍ഷിക്കുന്ന സാധനങ്ങളേ അടുത്ത സീസൺ മുതൽ പാടുള്ളൂ എന്നും കോടതി നിർദേശിച്ചു. നെയ് നിറച്ച നാളികേരം വെറ്റില, അടയ്ക്ക, കാണിക്ക, മഞ്ഞൾ പൊടി, അരി, ശർക്കര, അവിൽ, മലർ എന്നിവയാണവ.

ഇതര സംസ്ഥാനങ്ങളിലെ ഭക്തർക്കും ഇക്കാര്യത്തിൽ അറിയിപ്പ് നൽകും. സീസണിന് മുന്നോടിയായി വിളിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ മന്ത്രിമാരടങ്ങുന്ന സർക്കാർ പ്രതിനിധി യോഗത്തിൽ ഇക്കാര്യം അറിയിക്കും എന്നും സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ റിപ്പോർട്ട്‌ നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലെയും പമ്പയിലെയും പ്ലാസ്റ്റിക്‌ കച്ചവടം, പ്ലാസ്റ്റിക്‌ കൊണ്ടുവരുന്നത് പൂർണമായും തടയാൻ കോടതി ഉത്തരവിട്ടു. ശബരിമലയിലെ പ്ലാസ്റ്റിക്‌ ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി ഉണ്ടാക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈ കോടതി ഉത്തരവ്.

Related Tags :
Similar Posts