< Back
Kerala
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും
Kerala

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും

Web Desk
|
25 July 2018 1:52 PM IST

മൂന്നാറിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ വിഎസ് സര്‍ക്കാര്‍ തുടങ്ങിയ ട്രിബ്യൂണല്‍ നിര്‍ത്തലാക്കും; ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം തൃപ്തികരം അല്ലെന്ന്സര്‍ക്കാര്‍ വിലയിരുത്തല്‍

മൂന്നാര്‍ ട്രീബൂണലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള പ്രാരംഭനടപടികളിലേക്ക് കടക്കാന്‍ മന്ത്രിസഭ തീരുമാനം. ട്രീബൂണലിന്‍റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്വത്ത് വിവരം വെളിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

മൂന്നാറിലെ കയ്യേറ്റ കേസുകള്‍ പരിഗണിക്കാന്‍ വിഎസ് സര്‍ക്കാരിന്റെ കാലത്താണ് മൂന്നാര്‍ സ്പെഷ്യല്‍ ട്രീബൂണല്‍ ആരംഭിച്ചത്. എന്നാല്‍ ട്രീബൂണലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തത് കൊണ്ട് അത് നിര്‍ത്തണമെന്നാവശ്യം സിപിഎം ഉന്നയിച്ചിരുന്നു. അന്ന് സിപിഐയുടെ എതിര്‍പ്പ് മൂലമാണ് അതിന്‍റെ നടപടികളിലേക്ക് കടക്കാതിരുന്നത്. കേസുകള്‍ തീര്‍പ്പാക്കാതെ സര്‍ക്കാരിന്റെ ലക്ഷക്കണക്കിന് രൂപ വെറുതെ നഷ്ടപ്പെടുന്നത് കൊണ്ട് ട്രിബൂണലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കാനാണ് മന്ത്രിസഭയോഗം തീരുമാനിച്ചത്. പ്രത്യേക നിയമം കൊണ്ട് വന്നായിരുന്നു ട്രിബൂണല്‍ സ്ഥാപിച്ചത്, അതുകൊണ്ട് ട്രിബൂണലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോഴും നിരവധി നിയമനടപടി ക്രമങ്ങള്‍ പാലിക്കണം. അത് പൂര്‍ത്തിയാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ട്രിബൂണല്‍ നിര്‍ത്തലാക്കുന്ന തീരുമാനത്തോടെ സിപിഐ എങ്ങനെ പ്രതികരിക്കുമെന്ന് സിപിഎമ്മും ഉറ്റ് നോക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും, കുടുംബാംങ്ങളുടേയും സ്വത്ത് വിവരം വെളിപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ വെബ്‍സൈറ്റില്‍ സ്വത്ത് വിവരം പ്രസിദ്ധീകരിക്കും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഗവര്‍ണ്ണറെ സ്വത്ത് വിവരങ്ങള്‍ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയും മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് വന്നു.

മഴക്കെടുതിയുടെ നഷ്ടം പൂര്‍ണമായും വിലയിരുത്തിയ ശേഷം നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് തീരുമാനിക്കുമെന്ന് റവന്യൂമന്ത്രി അറിയിച്ചു. കുട്ടനാടിന് പ്രത്യേക പാക്കേജ് അടക്കമുള്ള കാര്യങ്ങള്‍ അടുത്ത മന്ത്രിസഭയോഗം പരിഗണിച്ചേക്കും. കൃഷിനാശത്തിന്‍റെ കണക്കെടുക്കാന്‍ കൃഷിവകുപ്പ് ഇന്ന് മുതല്‍ അദാലത്തും ആരംഭിച്ചിട്ടുണ്ട്.

Related Tags :
Similar Posts