< Back
Kerala
പാലക്കോട് മദ്രസ കെട്ടിടം ഒരു സംഘം അടിച്ചു തകര്‍ത്തു; മുസ്‍ലിം ലീഗാണ് അക്രമത്തിന് പിന്നിലെന്ന് കാന്തപുരം വിഭാഗം
Kerala

പാലക്കോട് മദ്രസ കെട്ടിടം ഒരു സംഘം അടിച്ചു തകര്‍ത്തു; മുസ്‍ലിം ലീഗാണ് അക്രമത്തിന് പിന്നിലെന്ന് കാന്തപുരം വിഭാഗം

Web Desk
|
28 July 2018 12:06 PM IST

മദ്രസയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇരു വിഭാഗം സുന്നികള്‍ തമ്മില്‍ ഏറെ കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്

മലപ്പുറം വണ്ടൂരില്‍ കാന്തപുരം ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള പാലക്കോട് മദ്രസ കെട്ടിടം ഒരു സംഘം അടിച്ചു തകര്‍ത്തു. മദ്രസയുമായി ബന്ധപ്പെട്ട് ഇരുവിഭാഗം സുന്നികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മുസ്‍ലിം ലീഗാണ് അക്രമത്തിന് പിന്നിലെന്ന് കാന്തപുരം വിഭാഗം ആരോപിച്ചു.

പാലക്കോടുള്ള ഇസ്സത്തുൽ ഇസ്‌ലാം മസ്ജിദ് വളപ്പിലുള്ള രണ്ട് മദ്രസ കെട്ടിടങ്ങളിലൊന്നാണ് തകര്‍ക്കപ്പെട്ടത്. കെട്ടിടത്തിലെ ഫർണിച്ചറുകളും, രേഖകളും നശിപ്പിച്ച നിലയിലാണ്. പള്ളി വളപ്പിലെ മൂന്ന് കെട്ടിടങ്ങളിൽ എ പി വിഭാഗത്തിന്റെയും രണ്ടെണ്ണം ഇ കെ വിഭാഗത്തിന്റെയും നിയന്ത്രണത്തിലാണ്.

എ പി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള മദ്രസ കെട്ടിടത്തിന്റെ മേൽക്കൂര തകര്‍ച്ചാ ഭീഷണി നേരിടുന്നതിനാല്‍ പുതുക്കി പണിയുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി മദ്രസാ കെട്ടിടം ഒരു സംഘം തകര്‍ത്തത്. മദ്രസയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇരു വിഭാഗം സുന്നികള്‍ തമ്മില്‍ ഏറെ കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

വണ്ടൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Similar Posts