< Back
Kerala
ചമ്രവട്ടത്ത് പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ ആളെ കാണാതായി
Kerala

ചമ്രവട്ടത്ത് പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ ആളെ കാണാതായി

Web Desk
|
28 July 2018 2:26 PM IST

തവനൂര്‍ അതളൂര്‍ സ്വദേശി മന്‍സൂറിനെയാണ് കാണാതായത്

പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ മണല്‍കടത്തു സംഘത്തിലെ ഒരാളെ കാണാതായി. പൊന്നാനി ചമ്രവട്ടത്ത് ഇന്ന് രാവിലെയാണ് സംഭവം. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.

രാവിലെ ആറരക്കാണ് സംഭവം. ചമ്രവട്ടം പാലത്തില്‍ വെച്ച് തിരൂരില്‍ നിന്നുള്ള പോലീസ് സംഘം മണല്‍ ലോറി തടഞ്ഞു. ലോറിയിലുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെടാനായി പുഴയില്‍ചാടി. അത്താണിപ്പടി സ്വദേശി ബാവ നീന്തി രക്ഷപ്പെട്ടു . രണ്ടാമനായ തവനൂര്‍ സ്വദേശി മന്‍സൂറിനെ കാണാതായി. പോലീസ് സംഘം അപ്പോള്‍ തന്നെ സ്ഥലം വിട്ടെങ്കിലും എട്ട് മണിയോടെ നാട്ടുകാര്‍ സംഘടിച്ച് തെരച്ചില്‍ നടത്തണമെന്ന ആവശ്യമുന്നയിച്ചു. പിന്നീട് പത്തുമണിയോടെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങുകയായിരുന്നു. ചമ്രവട്ടം റഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചാണ് തെരച്ചില്‍ നടക്കുന്നത്.

ഒരാള്‍ പുഴയില്‍ ചാടിയത് കണ്ടിട്ടും പോലീസ് സംഘം സ്ഥലം വിട്ടതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

Related Tags :
Similar Posts