< Back
Kerala
കൊല്ലത്ത് എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥിക്ക് നടുറോഡിൽ പൊലീസിന്റെ മർദനം
Kerala

കൊല്ലത്ത് എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥിക്ക് നടുറോഡിൽ പൊലീസിന്റെ മർദനം

Web Desk
|
8 Aug 2018 8:26 AM IST

കൊല്ലം വള്ളിക്കീഴ് സ്വദേശി അഖിലിനെയാണ് കരുനാഗപ്പള്ളി എസ്.ഐ നടുറോഡിൽ വെച്ച് മുഖത്തടിച്ച് പൊലീസ് വണ്ടിയിൽ വലിച്ച് കയറ്റിയത്

കൊല്ലം കരുനാഗപ്പള്ളിയിൽ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥിക്ക് നടുറോഡിൽ പൊലീസിന്റെ മർദനം. കൊല്ലം വള്ളിക്കീഴ് സ്വദേശി അഖിലിനെയാണ് കരുനാഗപ്പള്ളി എസ്.ഐ നടുറോഡിൽ വെച്ച് മുഖത്തടിച്ച് പൊലീസ് വണ്ടിയിൽ വലിച്ച് കയറ്റിയത്. പൊലീസ് സ്റ്റേഷനിൽ വെച്ചും എസ്.ഐ മർദ്ദിച്ചെന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിൽ പറഞ്ഞു. സംഭവത്തിൽ യുവജന കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് കൊല്ലം കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തെത്തിയ എസ്.ഐ ശ്യാം അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതി. സ്റ്റേഷനിൽ വെച്ചും എസ്.ഐ മർദിച്ചെന്ന് അഖിൽ പറഞ്ഞു. മർദനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ 100 രൂപ പിഴ ഈടാക്കി അഖിലിനെ വിട്ടയച്ചു.

അഖിലിനെ മർദിച്ചിട്ടില്ലെന്നും ജീപ്പിലേക്ക് ബലം പ്രയോഗിച്ച് കയറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. സ്റ്റേഷനിൽ വെച്ച് മർദിച്ചെന്ന ആരോപണവും പൊലീസ് നിഷേധിച്ചു. അതേസമയം സംഭവത്തിൽ സംസ്ഥാന യുവജന കമ്മിഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

Related Tags :
Similar Posts