< Back
Kerala
ഉരുള്‍ പൊട്ടൽ മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ ജിയോളജിസ്റ്റിനെ നാട്ടുകാര്‍ തടഞ്ഞു
Kerala

ഉരുള്‍ പൊട്ടൽ മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ ജിയോളജിസ്റ്റിനെ നാട്ടുകാര്‍ തടഞ്ഞു

Web Desk
|
22 Aug 2018 2:14 PM IST

പഞ്ചായത്ത് അധികൃതരെ അറിയിക്കാതെ ക്വാറി മാഫിയക്ക് അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കാൻ എത്തിയതാണെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞത്

കോഴിക്കോട് കാരശേരി പഞ്ചായത്തിലെ ഉരുള്‍ പൊട്ടിയ മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ ജിയോളജിസ്റ്റിനെ നാട്ടുകാര്‍ തടഞ്ഞു. പഞ്ചായത്ത് അധികൃതരെ അറിയിക്കാതെ ക്വാറി മാഫിയക്ക് അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കാൻ എത്തിയതാണെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍ ഉരുള്‍ പൊട്ടിയ പ്രദേശം സന്ദര്‍ശിക്കുമ്പോള്‍ പഞ്ചായത്ത് അധികൃതരെ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ് ജിയോളജിസ്റ്റ് പി.മോഹനന്‍ കാരശേരിയിലെത്തിയത്. അസിസ്റ്റന്‍റ് ജിയോളജിസ്റ്റും കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഉരുള്‍ പൊട്ടിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതെ റോഡരികില്‍ നിന്നാണ് പരിശോധന നടത്തിയതെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് ആളുകള്‍ സംഘടിച്ച് ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.

എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചാണ് സ്ഥലം സന്ദര്‍ശിച്ചതെന്ന് ജിയോളജിസ്റ്റ് പി.മോഹനന്‍ പറഞ്ഞു. അതിനിടെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സോയിൽ കൺസർവേഷൻ വിഭാഗം പരിശോധന നടത്തി.

Similar Posts