< Back
Kerala
പിണറായി കൂട്ടക്കൊല കേസിലെ മുഖ്യ പ്രതികള്‍ രക്ഷപ്പെട്ടെന്ന് ബന്ധുക്കള്‍
Kerala

പിണറായി കൂട്ടക്കൊല കേസിലെ മുഖ്യ പ്രതികള്‍ രക്ഷപ്പെട്ടെന്ന് ബന്ധുക്കള്‍

Web Desk
|
26 Aug 2018 7:20 AM IST

സൌമ്യയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു

സൌമ്യയുടെ മരണത്തോടെ പിണറായി പരമ്പര കൊലപാതക കേസിലെ പ്രധാന പ്രതികള്‍ രക്ഷപ്പെട്ടെന്ന ആരോപണവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. സൌമ്യയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വെളളിയാഴ്ച രാവിലെയാണ് കണ്ണൂര്‍ വനിതാ ജയിലിനുളളില്‍ സൌമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന ആരോപണം ശക്തമാണ്. മാതാപിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന കേസില്‍ സൌമ്യ മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലന്നും കൊലപാതകത്തിന് പിന്നില്‍ മറ്റ് ചില ഉന്നതര്‍ക്ക് കൂടി പങ്കുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. അതുകൊണ്ട് തന്നെ അതീവ സുരക്ഷയുളള ജയിലില്‍ സൌമ്യ ആത്മഹത്യ ചെയ്തെന്ന ജയില്‍ അധികൃതരുടെ വിശദീകരണം ദുരൂഹമാണന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം പരിയാരത്ത് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ സൌമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ഇതുവരെ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. ജയില്‍ വകുപ്പിന് കൈമാറിയ മൃതദേഹം രണ്ട് ദിവസം കൂടി സൂക്ഷിച്ച ശേഷം സംസ്കരിക്കാനാണ് അധികൃതരുടെ തീരുമാനം.

Similar Posts