< Back
Kerala
കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് തുടക്കമായി
Kerala

കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് തുടക്കമായി

Web Desk
|
28 Aug 2018 6:42 AM IST

വീടുകളും സ്ഥാപനങ്ങളും രണ്ട് ദിവസം കൊണ്ട് ശുചീകരിക്കല്‍ ലക്ഷ്യം; ശുചീകരണയജ്ഞത്തില്‍ പങ്കാളികളാകാന്‍ ജില്ലക്ക് പുറത്തുനിന്നുള്ളവരടക്കം അറുപതിനായിരം പേര്‍

കുട്ടനാട്ടില്‍ ശുചീകരണയജ്ഞത്തിന് ഇന്ന് തുടക്കം. വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കല്‍ രണ്ട് ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ജില്ലയ്ക്ക് പുറത്തു നിന്നടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാവും.

കുട്ടനാട്ടിലെ വീടുകൾ ശുചിയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. അറുപതിനായിരം ആളുകളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടനാട്ടിലെ തന്നെ താമസക്കാരായ അമ്പതിനായിരം പേരും പതിനായിരം സന്നദ്ധ പ്രവര്‍ത്തകരുമാണ് കുട്ടനാടിനെ ശുചിയാക്കാൻ തയ്യാറായിട്ടുള്ളത്. സന്നദ്ധ പ്രവർത്തകരായ പതിനായിരം വോളന്റിയർമാരിൽ അയ്യായിരം പേർ ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരാണ്.

കൈനകരി, പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം, നെടുമുടി എന്നീ പഞ്ചായത്തുകളിലേക്കുള്ള ആളുകളെ ബോട്ടു മാർഗ്ഗം എത്തിക്കും. നീലംപേരൂർ, രാമങ്കരി, മുട്ടാർ, തകഴി, ചെറുതന, കരുവാറ്റ, പള്ളിപ്പാട്, വെളിയനാട്, തലവടി, വീയ്യപുരം, എടത്വാ, പഞ്ചായത്തുകളിലേക്കുള്ളവരെ റോഡ് മാര്‍ഗം അതാത് സ്ഥലങ്ങളിലെത്തിക്കും.

ഉൾഭാഗങ്ങളിൽ ആവശ്യമെങ്കിൽ ബോട്ടുകളും ഏർപ്പെടുത്തും. 22 ടോറസ് ലോറികൾ, 38 ബസുകൾ, 500 ഹൗസ് ബോട്ടുകൾ, 50 മോട്ടോർ ബോട്ടുകൾ, 20 ശിക്കാര വള്ളങ്ങൾ, 20 കെട്ടുവള്ളങ്ങൾ, 10 സ്പീഡ് ബോട്ടുകൾ, 4 ജങ്കാറുകൾ എന്നിവയാണ് ഇതിനായി ജില്ലാ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത്.

എസി റോഡിലെയും കൈനകരി, ചമ്പക്കുളം, കാവാലം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലെയും വെള്ളം വറ്റിക്കാന്‍ കഴിയാത്തത് ശുചീകരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.

Related Tags :
Similar Posts