< Back
Kerala
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും
Kerala

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും

Web Desk
|
29 Aug 2018 6:53 AM IST

വെളളപ്പൊക്കത്തെ തുടര്‍ന്ന് സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ആഗസ്ത് 15 നാണ് വിമാനത്താവളം അടച്ചത്. 300 കോടിയുടെ നഷ്ടമാണ് സിയാലിന് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉണ്ടായത്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രവര്‍ത്തനം പുനരാരംഭിക്കും. റണ്‍വേയിലുള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങളുടെ അറ്റകുറ്റപണി പൂര്‍ത്തിയാകുകയും ജീവനക്കാരുടെ ലഭ്യത എയര്‍ലൈനുകള്‍ ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സിയാല്‍ തീരുമാനിച്ചത്. 300 കോടിയുടെ നഷ്ടമാണ് സിയാലിന് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉണ്ടായത്.

വെളളപ്പൊക്കത്തെ തുടര്‍ന്ന് സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ആഗസ്ത് 15 നാണ് വിമാനത്താവളം അടച്ചത്. വിമാനത്താവള ഓപറേഷന്‍ മേഖലയിലെ രണ്ടര കിലോമീറ്ററോളം മതിലുകള്‍ തകര്‍ന്നു. പാര്‍ക്കിംഗ് സ്റ്റാന്റുകളിലും ടെര്‍മിനല്‍ കെട്ടിടങ്ങളുടെ ഉള്ളിലും വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയെങ്കിലും ചെളി അടിഞ്ഞ് കൂടിയിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് എട്ട് ദിവസം കൊണ്ട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സജ്ജമാക്കിയത്. ചുറ്റുമതില്‍‌ താല്കാലികമായി നിര്‍മിച്ചു. കേടുപാടുകള്‍ സംഭവിച്ച നാല് കണ്‍വൈയര്‍ ബൈല്‍റ്റുകള്‍, 22 എക്സറേ യന്ത്രങ്ങള്‍, വൈദ്യുതിവിതരണ സംവിധാനം, ജനറേറ്ററുകള്‍ എന്നിവയെല്ലാം പൂര്‍വ നിലയിലാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ ഒരുമിച്ച് തുടങ്ങാനാണ് വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതോടെ നേവല്‍ ബേയ്സില്‍ നിന്നുള്ള താല്കാലിക സര്‍വീസ് ഇന്ന് അവസാനിപ്പിക്കും.

Similar Posts