< Back
Kerala
യാക്കോബായ സഭയില്‍ നേതൃമാറ്റം വേണമെന്ന് മലേക്കുരിശ് ദയാറാധിപന്‍
Kerala

യാക്കോബായ സഭയില്‍ നേതൃമാറ്റം വേണമെന്ന് മലേക്കുരിശ് ദയാറാധിപന്‍

Web Desk
|
31 Aug 2018 10:31 AM IST

കാലാവധി കഴിഞ്ഞവര്‍ ഇപ്പോഴും പദവിയില്‍ തുടരുന്നുവെന്ന് ഡോ കുര്യക്കോസ് മാര്‍ ദിയസ്കോറസ്: പാത്രിയാര്‍ക്കീസ് ബാവയുടെ നിര്‍ദേശങ്ങളും കല്‍പനകളും അട്ടിമറിക്കുന്നുവെന്നും വിമര്‍ശനം

യാക്കോബായ സഭയിൽ നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം മെത്രാന്മാർ രംഗത്ത്. കാലാവധി കഴിഞ്ഞവർ ഇപ്പോഴും പദവിയിൽ തുടരുന്നതായി മലേക്കുരിശ്ശ് ദയാറാധിപൻ ഡോ. കുര്യാക്കോസ് മാർ ദിയസ്കോറസ് പറഞ്ഞു. സഭയുടെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസും വിമർശനമുന്നയിച്ചു.

കട്ടച്ചിറ പള്ളിക്കേസിലെ സുപ്രീം കോടതി വിധി കൂടി വന്നതോടെ യാക്കോബായ സഭ കൂടുതൽ പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃമാറ്റ ആവശ്യം ശക്തമായത്. സഭയുടെ ആഗോള അധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം പാത്രിയാർക്കിസ് ബാവയുടെ മലങ്കര സന്ദർശന വേളയിൽ സഭയുടെ പ്രാദേശിക നേതൃത്വത്തിലെ അഴിച്ചുപണി ചർച്ചയായിരുന്നു. എന്നാൽ സിനഡിൽ രാജി പ്രഖ്യാപനം നടത്തിയവർ പദവിയിൽ തുടരുകയാന്നെന്ന് കുര്യാക്കോസ് മാർ ദിയസ്കോറസ് പറഞ്ഞു.

ചിലർ തന്നിഷ്ട പ്രകാരം സഭാ ഭരണം നടത്തുകയാണ്. പാത്രിയാർക്കിസ് ബാവയുടെ നിർദേശങ്ങളും കൽപനകളും അട്ടിമറിക്കുന്നു. മലങ്കര മെത്രാപ്പോലീത്തയുടേതടക്കം തിരഞ്ഞെടുപ്പ് കാലാവധി കഴിഞ്ഞതാണ്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് പലരും നേതൃസ്ഥാനത്ത് തുടരുന്നത്. സഭയിൽ സുതാര്യതയും ജനാധിപത്യവും വേണമെന്നും ദിയസ് കോറസ് ആവശ്യപ്പെട്ടു. ഈ നിലപാടിനെ പിന്തുണച്ച് കോട്ടയം മെത്രാനും രംഗത്തുവന്നു.

കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജോർജ് മാത്യു, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ്, കാതോലിക്കയുടെ സെക്രട്ടറി ഫാ.ഷാനു എന്നിവർക്കെതിരെയാണ് പ്രധാനമായും ആരോപണം ഉയരുന്നത്.

Related Tags :
Similar Posts