< Back
Kerala
വീണ്ടും സദാചാര ഗുണ്ടായിസം: മലപ്പുറത്ത് യുവാവ് തൂങ്ങിമരിച്ചു
Kerala

വീണ്ടും സദാചാര ഗുണ്ടായിസം: മലപ്പുറത്ത് യുവാവ് തൂങ്ങിമരിച്ചു

Web Desk
|
1 Sept 2018 12:28 PM IST

രണ്ട് ദിവസം മുമ്പ് കുറ്റിപ്പാലയില്‍ പുലര്‍ച്ചെ അസാധാരണ സാഹചര്യത്തില്‍ കണ്ടുവെന്ന് പറഞ്ഞ് ഇയാളെ നാട്ടുകാര്‍ കെട്ടിയിട്ട് പൊലീസിന് കൈമാറിയിരുന്നു.

മലപ്പുറം കുറ്റിപ്പാലയില്‍ സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ചു. എടരിക്കോട് മമ്മാലിപ്പടി സ്വദേശി മുഹമ്മദ് സാജിദ് (24)ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കുറ്റിപ്പാലയില്‍ പുലര്‍ച്ചെ അസാധാരണ സാഹചര്യത്തില്‍ കണ്ടുവെന്ന് പറഞ്ഞ് ഇയാളെ നാട്ടുകാര്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി.

ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ സംഭവം പൊലീസ് കേസ് ആയിരുന്നില്ല. തന്നെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് സാജിദും പരാതി നല്‍കിയിരുന്നില്ല.

പക്ഷേ, മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി 7 മണിയോടെ സാജിദിനെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ മൃതദേഹമുള്ളത്. സദാചാര ആക്രമണത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണ് സാജിദിന്റെതെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴുള്ളത്. മോഷ്ടാവാണെന്ന് പറഞ്ഞാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് സദാചാര കുറ്റം ആരോപിച്ച് സാജിദിനെ കെട്ടിയിടുകയായിരുന്നു.

Related Tags :
Similar Posts