< Back
Kerala
എലിപ്പനി ബാധിച്ച് ഇന്ന് മൂന്ന് മരണം, ഒരു മാസത്തിനിടെ മരിച്ചത് 57 പേര്‍; കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
Kerala

എലിപ്പനി ബാധിച്ച് ഇന്ന് മൂന്ന് മരണം, ഒരു മാസത്തിനിടെ മരിച്ചത് 57 പേര്‍; കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

Web Desk
|
2 Sept 2018 7:07 PM IST

പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് 8 പേരാണ് മരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ മരിച്ചത് എലിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് മരിച്ച മറ്റ് 5 പേരിലും എലിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി.

സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ കൂടി ഇന്ന് മരിച്ചു. പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മരിച്ച മറ്റ് 5 പേരില്‍ എലിപ്പനിയുടെ ലക്ഷണം കണ്ടെത്തി. ഇതോടെ ഒരു മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 57 ആയി. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് 8 പേരാണ് മരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ മരിച്ചത് എലിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് മരിച്ച മറ്റ് 5 പേരിലും എലിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. കോഴിക്കോട് 3ഉം പാലക്കാടും മലപ്പുറത്തും 2 വീതവും തിരുവനന്തപുരത്ത് ഒരാളുമാണ് പനി ബാധിച്ച് മരിച്ചത്.

എലിപ്പനി ലക്ഷണങ്ങളോടെ ആഗസ്റ്റില്‍ മാത്രം 1400 പേര്‍ ചികിത്സ തേടിയെന്നാണ് ഔദ്യോഗിക കണക്ക്. രണ്ട് ദിവസത്തിനിടെ 73 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഇന്ന് 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പനി പടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയ അധികൃതര്‍, സംസ്ഥാനത്ത് ചികിത്സാ പ്രോട്ടോക്കോളും പ്രഖ്യാപിച്ചു. പനി നേരിടാന്‍ പുതുതായി 260 താത്ക്കാലിക ആശുപത്രികളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമാണെന്ന് വിലയിരുത്തിയ അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും പ്രതിരോധ മരുന്ന് കഴിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്നും അഭ്യര്‍ഥിച്ചു.

Related Tags :
Similar Posts