< Back
Kerala
ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു
Kerala

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു

Web Desk
|
2 Sept 2018 1:49 PM IST

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു തിരിച്ചു. ഭാര്യ കമല വിജയനൊപ്പം പുലര്‍ച്ചെ 4.40 നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോയത്. ഈ മാസം പകുതിയോടെ മുഖ്യമന്ത്രി തിരിച്ചെത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഇ.പി. ജയരാജനായിരിക്കും മന്ത്രിസഭ യോഗങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുക.

കഴിഞ്ഞ മാസം 19 നായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സക്ക് വേണ്ടി പോകാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പോകാന്‍ തീരുമാനിച്ചതിന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രളയക്കെടുതി രൂക്ഷമായതോടെ യാത്ര മാറ്റി വച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ജനങ്ങള്‍ വീട്ടിലേക്ക് മടങ്ങുകയും പുനരധിവനാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ചികിത്സക്കായി തിരിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ച 4.40 നുള്ള വിമാനത്തില്‍ പോയ മുഖ്യമന്ത്രിയെ യാത്രയക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയും എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല ഔദ്യോഗികമായി ആര്‍ക്കും നല്‍കിയിട്ടില്ലെങ്കിലും മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷ വഹിക്കുന്നത് വ്യവസായമന്ത്രി ഇപി ജയരാജനായിരിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഇന്ന് മുതല്‍ സ്വീകരിക്കുന്നതും ഇപി ജയരാജനാണ്. ചുമതല ഔദ്യോഗികമായി കൈമാറാത്ത സാഹചര്യത്തില്‍ ഇ ഫയലിംങ് സംവിധാനം വഴി മുഖ്യമന്ത്രി തന്നെ ഫയലുകള്‍ നോക്കുമെന്നാണ് സൂചന. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ചികിത്സക്കായി പോകുന്ന കാര്യവും മുഖ്യമന്ത്രി ഗവര്‍ണ്ണറെ കണ്ട് ഇന്നലെ വിശദീകരിച്ചിരുന്നു.

Related Tags :
Similar Posts