< Back
Kerala
കോവളം ബൈപ്പാസില്‍ മത്സരയോട്ടം നടത്തിയ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
Kerala

കോവളം ബൈപ്പാസില്‍ മത്സരയോട്ടം നടത്തിയ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Web Desk
|
6 Sept 2018 8:57 AM IST

രണ്ടാഴ്ച മുന്‍പ് ഇതേ സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചിരുന്നു.

തിരുവനന്തപുരത്ത് കഴക്കൂട്ടം-കോവളം ബൈപ്പാസില്‍ വീണ്ടും വാഹനാപകടം. മത്സരയോട്ടം നടത്തിയ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രണ്ടാഴ്ച മുന്‍പ് ഇതേ സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചിരുന്നു.

പൂന്തുറ കുമരിച്ചന്ത ജംഗ്ഷനിലാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കാര്‍ ബൈപ്പാസ് റോഡില്‍ നിന്നും തെറിച്ചുമാറി സര്‍വ്വീസ് റോഡിലൂടെ പോവുകയായിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ തിരുനെല്‍വേലി സ്വദേശി രമേശ് അപകടത്തില്‍ മരിച്ചു. പൂന്തുറയിലുള്ള ടെക്സ്റ്റൈല്‍സിലെ ജീവനക്കാരനായിരുന്നു രമേശ്. മദ്യലഹരിയില്‍ മത്സരയോട്ടം നടത്തിയതാണ് അപകടകാരണം. കാറിനുള്ളില്‍ നിന്നും മദ്യക്കുപ്പികളും കണ്ടെടുത്തു.

അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന 3 പേരെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടാഴ്ച മുന്‍പ് ഇതേസ്ഥലത്ത് വാഴമുട്ടം സ്വദേശികളായ ദമ്പതികള്‍ അപകടത്തില്‍ മരിച്ചിരുന്നു. ദേശീയപാതയില്‍ മുറിച്ചുകടക്കാന്‍ മേല്‍പ്പാലമോ അടിപ്പാതയോ ഇല്ലാത്തതാണ് അപകടം വര്‍ധിപ്പിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

Similar Posts