< Back
Kerala
സംസ്ഥാനം നേരിടുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധിയെന്ന് എം.എം മണി  
Kerala

സംസ്ഥാനം നേരിടുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധിയെന്ന് എം.എം മണി  

Web Desk
|
10 Sept 2018 6:55 AM IST

ജലമില്ലാത്തതിനാലല്ല, ഉത്പാദനത്തിലെ പ്രതിസന്ധി മൂലമാണ് നിലവില്‍ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണമുള്ളതെന്നും വൈദ്യുതിമന്ത്രി

സംസ്ഥാനം നേരിടുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പ്രളയത്തെ തുടര്‍ന്ന് നിരവധി വൈദ്യുത ഉത്പാദന കേന്ദ്രങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. ജലമില്ലാത്തതിനാലല്ല, ഉത്പാദനത്തിലെ പ്രതിസന്ധി മൂലമാണ് നിലവില്‍ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണമുള്ളതെന്നും എം.എം മണി വ്യക്തമാക്കി.

പ്രളയത്തെ തുടര്‍ന്ന് വിവിധ വൈദ്യുത നിലയങ്ങളിലെ 9 ജനറേറ്ററുകള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്. പല നിലയങ്ങളിലും നാശനഷ്ടമുണ്ടായി. ഇത്തരത്തില്‍ 300 മുതല്‍ 400 മെഗാവാട്ട് വൈദ്യുതിയുടെ വരെ ഉത്പാദന കുറവുണ്ടായി. കല്‍ക്കരി ലഭ്യത കുറഞ്ഞതിനാല്‍ കേന്ദ്രപൂളില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നതിനും തടസമുണ്ട്. പുറത്തുനിന്നും പരമാവധി വൈദ്യുതി എത്തിക്കുകയാണ് പ്രതിവിധി ഇതിനായുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് എം.എം മണി പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് നിലയങ്ങളിലും ടണലുകളിലും വന്‍തോതില്‍ ചെളിയും മണലും അടിഞ്ഞുകൂടി. 850 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ചെളിയും മണ്ണും നീക്കം ചെയ്തതിന് ശേഷമെ യന്ത്രങ്ങള്‍ക്കുള്ള കേട്പാട് തിട്ടപ്പെടുത്താനാകൂ, നഷ്ടം കൂടാനുള്ള സാധ്യതയാണുള്ളതെന്നും എം.എം മണി പറഞ്ഞു.

പ്രളയക്കെടുതിക്ക് കാരണം അതിതീവ്രമഴയാണെന്ന് പറഞ്ഞ എം.എം മണി, ഡാമുകള്‍ തുറന്നതുകൊണ്ട് ആരും മരിച്ചിട്ടില്ലെന്നും പറഞ്ഞു. പത്തനംതിട്ടയിലെ ശബരിഗിരി ജലവൈദ്യുത പദ്ധതി, അള്ളുങ്കല്‍, മണിയാര്‍ ഡാമുകള്‍, പെരുന്തേനരുവി എന്നിവിടങ്ങളിലും എം.എം മണി സന്ദര്‍ശനം നടത്തി.

Similar Posts