< Back
Kerala
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം നാലാം ദിവസത്തില്‍
Kerala

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം നാലാം ദിവസത്തില്‍

Web Desk
|
11 Sept 2018 6:15 AM IST

ക്രിസ്ത്യന്‍ ജോയിന്റ് കൌണ്‍സില്‍ നടത്തുന്ന സമരം വിപുലപ്പെടുത്താന്‍ സേവ് ഔര്‍ സിസ്റ്റേര്‍സ് എന്ന പേരില്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുക്കും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നടക്കുന്ന സമരം നാലാം ദിവസത്തിലേക്ക്. ക്രിസ്ത്യന്‍ ജോയിന്റ് കൌണ്‍സില്‍ നടത്തിയിരുന്ന സമരം വിപുലപ്പെടുത്തുന്നതിന് സേവ് ഔര്‍ സിസ്റ്റേര്‍സ് എന്ന പേരില്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും ഇന്നു നടക്കുന്ന സമരത്തില്‍ പങ്കെടുക്കും.

ഹൈക്കോടതിക്ക് സമീപം നടക്കുന്ന സമരത്തിന് ജനപിന്തുണ വര്‍ധിച്ചതോടെയാണ് സേവ് ഔര്‍ സിസ്റ്റേര്‍സ് എന്ന പേരില്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കാന്‍ ജെ.സി.സി തീരുമാനിച്ചത്. ബഹുജന പങ്കാളിത്തത്തോടെ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ആക്ഷന്‍ കൌണ്‍സിലിന്റെ തീരുമാനം. മൂന്ന് ദിവസമായി നിരാഹാരമനുഷ്ടിച്ചിരുന്ന അഡ്വ. ജോസ് ജോർജിനെ ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തില്‍ സ്റ്റീഫന്‍ മാത്യു വെള്ളാന്തടത്തില്‍ നിരാഹാരം ഏറ്റെടുത്തു.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്തീകള്‍ക്ക് പുറമെ വിവിധ മേഖലകളിലെ നിരവധിയാളുകളും നാലാം ദിനം സമരത്തില്‍ പങ്കെടുക്കും. എന്നാല്‍ ഇന്ന് കോടതിയെ സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നങ്കിലും 13ന് അന്വേഷണ സംഘം ഉന്നതതല യോഗം ചേരുന്ന സാഹചര്യത്തില്‍ കാത്തിരിക്കാനാണ് പരാതിക്കാരിയുടെ തീരുമാനം.

Similar Posts