< Back
Kerala
കിഴക്കോത്ത് പഞ്ചായത്തില്‍ ബ്ലേഡ് മാഫിയ കുടുംബത്തെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി
Kerala

കിഴക്കോത്ത് പഞ്ചായത്തില്‍ ബ്ലേഡ് മാഫിയ കുടുംബത്തെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി

Web Desk
|
12 Sept 2018 7:29 AM IST

വലിയ പറമ്പില്‍ അഫീലയും കുടുംബവുമാണ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയത്.

കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തില്‍ ബ്ലേഡ് മാഫിയ കുടുംബത്തെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. വലിയ പറമ്പില്‍ അഫീലയും കുടുംബവുമാണ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയത്. രണ്ടുമാസമായി പലിശയടക്കാത്തതിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് കടുംബം പറയുന്നത്.

രണ്ടുവര്‍ഷം മുന്‍പാണ് അഫീലയുടെ ഭര്‍ത്താവ് തേങ്ങാക്കൂട്ടില്‍ അബ്ദുല്‍ഖാദര്‍ 25 ലക്ഷം രൂപ വട്ടിപ്പലിശക്കാരില്‍ നിന്ന് കടമെടുത്തത്. ബിസിനസ് മോശമായതോടെ കഴിഞ്ഞ രണ്ടുമാസമായി തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ഗുണ്ടാപ്പട വീട് കയറി ആക്രമിച്ചതെന്ന് കുടുംബം പറയുന്നു. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ഹബീബിന്റെ നേതൃത്വത്തിലാണ് സംഘം വീട്ടിലെത്തിയതെന്നും കുടുംബം ആരോപിച്ചു. മതില്‍ ചാടിക്കടന്ന് അകത്തുകടക്കുന്ന ഹബീബിന്റേയും സലാഹുദ്ദീന്റേയും ദൃശ്യങ്ങള്‍ കുടുംബം പൊലീസിന് കൈമാറിയിട്ടുമുണ്ട്. അഞ്ചുപവൻ സ്വര്‍ണമാല സംഘം പിടിച്ചുപറിച്ചതായും കുടുംബം പറഞ്ഞു.

പുരുഷന്‍മാരില്ലാത്ത സമയത്ത് വീട്ടിലെത്തിയ സംഘം ‌ഏറെനേരം ഭീതി പരത്തിയ ശേഷം വീട് പുറത്തുനിന്ന് പൂട്ടിപ്പോവുകയും ചെയ്തു. 25 ലക്ഷം രൂപ കടം വാങ്ങിയതിലേക്ക് പലിശയും മുതലുമായി ഇതുവരെ 30 ലക്ഷം രൂപ തിരിച്ചടച്ചതായും കുടുംബം പറയുന്നു. അഫീലയുടേയും കുടുംബത്തിന്റേയും പരാതിയില്‍ കേസെടുത്ത കൊടുവള്ളി പൊലീസ് അന്വേഷണമാരംഭിച്ചതായി അറിയിച്ചു.

Similar Posts