< Back
Kerala
ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ സുപ്രീംകോടതി വിധി ഇന്ന്
Kerala

ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ സുപ്രീംകോടതി വിധി ഇന്ന്

Web Desk
|
14 Sept 2018 7:21 AM IST

കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് മുന്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥന്‍ നമ്പി നാരായണന്‍ നൽകിയ ഹർജിയിലാണ് വിധി

ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ സുപ്രീംകോടതി വിധി ഇന്ന്. കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് മുന്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥന്‍ നമ്പി നാരായണന്‍ നൽകിയ ഹർജിയില്‍ രാവിലെ 10.30നാണ് വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക.

രണ്ട് പതിറ്റാണ്ട് പിന്നിട്ട സഹനത്തിനും നിയമ പോരാട്ടത്തിനും നഷ്ടങ്ങള്‍ക്കും ഐ.എസ്.ആര്‍.ഒ മുന്‍ ഉദ്യോഗസ്ഥന്‍ നമ്പി നാരായണന് നീതികിട്ടുമോ എന്ന് ഇന്നറിയാം. കേസ് അന്വേഷിച്ചിരുന്ന മുന്‍ ഡി.ജി.പി സിബി മാത്യൂസ്, എസ്.പിമാരായിരുന്ന കെ.കെ. ജോഷ്വ, എസ്.വിജയന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നമ്പി നാരായണന്‍ ഹര്‍ജിയില്‍‌ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടി വേണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ നമ്പി നാരായണന് നീതി ഉറപ്പാക്കേണ്ടതുണ്ടെന്ന കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. നഷ്ടപരിഹാരം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഈടാക്കണം എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഒടുവില്‍ വ്യക്തമാക്കിയിരുന്നു.

ചാരക്കേസിന്‍റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന നിലപാടാണ് സി.ബി.ഐക്കുള്ളത്. ഇക്കാര്യം സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.‌ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കുന്നതിന് എതിര്‍പ്പില്ലെന്നും സി.ബി.ഐ പറഞ്ഞിരുന്നു. വാദം പൂര്‍ത്തിയായതോടെ കഴിഞ്ഞ ജൂലൈയിലാണ് കേസ് വിധി പറയാനായി മാറ്റിയത്.

Related Tags :
Similar Posts