< Back
Kerala
സംസ്ഥാന സ്കൂള്‍‌ കലോത്സവം മൂന്ന് ദിവസമാക്കി ചുരുക്കി
Kerala

സംസ്ഥാന സ്കൂള്‍‌ കലോത്സവം മൂന്ന് ദിവസമാക്കി ചുരുക്കി

Web Desk
|
18 Sept 2018 7:26 PM IST

സംസ്ഥാന സ്കൂൾ കലോൽസവം മൂന്ന് ദിവസമാക്കി ചുരുക്കി. ഡിസംബർ ഏഴു മുതൽ 9 വരെ ആലപ്പുഴയിലാണ് കലോത്സവം നടക്കുക. രചനാ മത്സരങ്ങൾ ജില്ലാ തലം വരെ മാത്രമാക്കി ചുരുക്കി. കായികോത്സവത്തില്‍ ഇത്തവണ സംസ്ഥാന തലത്തിൽ ഗെയിംസ് ഇനങ്ങൾ ഉണ്ടാവില്ല.

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഇത്തവണ 187 ഇനങ്ങളിലാവും മത്സരങ്ങൾ ഉണ്ടാവുക. ഒരേ വിഷയത്തിൽ ഒരേ ദിവസം രചനാ മത്സരങ്ങൾ ജില്ലാ തലത്തിൽ നടത്തി സംസ്ഥാന തലത്തിൽ പരിശോധിച്ച് ഒന്നും രണ്ടും സ്ഥാനക്കാരെ തീരുമാനിക്കും. നവംബർ 12നും 24നും ഇടയിൽ ജില്ലാ തല മത്സരങ്ങൾ പൂർത്തീകരിക്കും.

കായികമേള അടുത്ത മാസം 26 മുതൽ 28 വരെ തിരുവനന്തപുരം യുണിവേഴ്സിറ്റി സ്റ്റേഡിയത്തലാവും നടത്തുക. ഒരു ഇനത്തിൽ ഒരു ജില്ലയിൽ നിന്ന് രണ്ട് എൻട്രികൾ മാത്രമാവും സ്വകരിക്കുക. അടുത്ത മാസം 26മുതൽ28 വരെയാകും സംസ്ഥാന സ്കൂൾ ശാസ്ത്ര മേള നടക്കുക. രണ്ടാം പാദ പരീക്ഷ ഡിസംബറിൽ തന്നെ നടത്താനും ഒന്നാം പാദ പരീക്ഷ ക്ലാസ് ടെസ്റ്റായി ഒക്ടോബർ 15 നകം പൂർത്തീകരിക്കാനും ഇന്ന് ചേർന്ന അധ്യാപക സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ തീരുമാനമായി.

ആര്‍ഭാടമില്ലാതെ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരമാവധി ഓഡിറ്റോറിയങ്ങളിലും ഹാളുകളിലുമായിരിക്കും മത്സരങ്ങള്‍ക്ക് വേദി കണ്ടെത്തുക. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് മത്സര വേദികളില്‍ ഭക്ഷണം തയ്യാറാക്കുക. ചെലവ് കുറയ്ക്കാനായി ഉദ്ഘാടന-സമാപന ചടങ്ങുകളുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.

Similar Posts