< Back
Kerala
പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് ഗുണ്ടാപ്പിരിവാണെന്ന് ചെന്നിത്തല
Kerala

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് ഗുണ്ടാപ്പിരിവാണെന്ന് ചെന്നിത്തല

Web Desk
|
19 Sept 2018 1:57 PM IST

കേരളത്തിന്റെ പുനര്‍ നിര്‍മിതിക്കായുള്ള രൂപരേഖ തയ്യാറാക്കാന്‍ പ്രളയം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് ഗുണ്ടാപ്പിരിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ പുനര്‍ നിര്‍മിതിക്കായുള്ള രൂപരേഖ തയ്യാറാക്കാന്‍ പ്രളയം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ കേസില്‍ മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ നിലപാടിനെയും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങളൊന്നും നടപ്പാക്കിയില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. 10000 രൂപ അര്‍ഹര്‍ക്ക് ലഭിക്കാതിരുന്നപ്പോള്‍ അനര്‍ഹരായ നിരവധി പേര്‍ക്ക് ലഭിച്ചു. ഇതിന്റെ ലിസ്റ്റ് പ്രസിദ്ദീകരിക്കാനും സര്‍ക്കാരിന് ആയില്ല. വായ്പകള്‍ക്കുള്ള മൊറട്ടോറിയവും പലിശ രഹിത വായ്പയുമൊക്കെ പ്രഖ്യാപനം മാത്രമായി മാറി. ദുരിതാശ്വാസ പ്രവര്‍ത്തനത്തെ അട്ടിമറിച്ച സര്‍ക്കാര്‍ സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ജീവനക്കാരേയും രണ്ട് തട്ടിലാക്കി മാറ്റി.

കിഫ്ബി വഴി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് മോടി പിടിപ്പിക്കലാണ് ആകെ നടക്കുന്നത്. അശാസ്ത്രീയമായി ഡാമുകള്‍ തുറന്നതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ഭയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കെ.എം മാണിക്ക് എതിരെ എത്ര തവണ അന്വേഷണം നടത്തിയാലും അഴിമതി നടത്തിയതായി തെളിയിക്കാനാവില്ല. വലിയ വര്‍ത്തമാനം പറയുന്ന ജേക്കബ് തോമസിന്റെ കാലത്തും റിപ്പോര്‍ട്ട് മാണിക്ക് അനുകൂലമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Similar Posts