< Back
Kerala
സാലറി ചലഞ്ചിനോട് നോ പറയാനുള്ള അവസാന ദിനം ഇന്ന്
Kerala

സാലറി ചലഞ്ചിനോട് നോ പറയാനുള്ള അവസാന ദിനം ഇന്ന്

Web Desk
|
22 Sept 2018 8:13 AM IST

പരമാവധി ആളുകളെ പങ്കാളികളാക്കാന്‍ ഭരണാനുകൂല സംഘടനകള്‍; നോ പറയിപ്പാക്കാനുള്ള ശ്രമത്തില്‍ പ്രതിപക്ഷ സര്‍വീസ് സംഘടനകളും

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ചിനോട് നോ പറയാനുള്ള അവസാന ദിവസം ഇന്ന്. പരമാവധി പേരെ സാലറി ചലഞ്ചിൽ പങ്കാളികളാക്കാൻ ഭരണാനുകൂല സംഘടനകളും നോ പറയിപ്പിക്കാൻ പ്രതിപക്ഷ സംഘടനകളും പ്രചരണം ശക്തമാക്കിയിട്ടുണ്ട്.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ഒരു മാസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് ഏർപ്പെടുത്തിയത്. ഒരു മാസത്തെ ശമ്പളം നൽകണമെന്നും അല്ലാത്തവർ വിസമ്മതപത്രം എഴുതി നൽകണമെന്നുമുള്ള ഉത്തരവ് വന്നതോടെ ഒരു മാസത്തെ ശമ്പളം നൽകൽ നിർബന്ധമായി. നിർബന്ധിത പിരിവിനെതിരെ പ്രതിപക്ഷവും പ്രതിപക്ഷാനുകൂല ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തി. ഇതിന് മറുപടിയായി സാലറി ചലഞ്ചിൽ പങ്കാളികളാകാൻ പ്രചാരണവുമായി ഭരണപക്ഷ അനുകൂല ജീവനക്കാരുടെ സംഘടനകളും രംഗത്തിറങ്ങി. ഇതോടെ സർക്കാർ ഓഫീസുകളും സ്കൂളുകളും സംഘടനകളുടെ ബലാബലത്തിനുള്ള വേദികളായി മാറി. വിസമ്മത പത്രം നൽകാനുള്ള അവസാന ദിവസമാണ് ഇന്ന്.

പരമാവധി ജീവനക്കാരെക്കൊണ്ട് നോ പറയിപ്പിക്കാൻ പ്രതിപക്ഷ സംഘടനകൾ ശ്രമിക്കും. നോ പറയൽ തടയാൻ ഭരണാനുകൂല സംഘടനകളും കച്ചകെട്ടി രംഗത്തുണ്ടാകും. ഇത് പല ഓഫീസുകളിലും തർക്കങ്ങൾക്ക് കാരണമാക്കിയേക്കും. എത്ര ജീവനക്കാർ സാലറി ചലഞ്ചിനോട് നോ പറഞ്ഞു എന്ന വിവരം ഇന്ന് വൈകിട്ടോടെ ലഭിക്കും. ഇതുവരെ 20 ശതമാനത്തിലധികം ജീവനക്കാർ നോ പറഞ്ഞുവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ വിലയിരുത്തൽ.

Similar Posts