< Back
Kerala
പ്രളയക്കെടുതി വിലയിരുത്തല്‍; കണക്ക് സമഗ്രമല്ലെന്ന് കേന്ദ്രസംഘം  
Kerala

പ്രളയക്കെടുതി വിലയിരുത്തല്‍; കണക്ക് സമഗ്രമല്ലെന്ന് കേന്ദ്രസംഘം  

Web Desk
|
23 Sept 2018 8:10 AM IST

പാലക്കാട് ജില്ലയില്‍ മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുളള കണക്കുകള്‍ സമഗ്രമല്ലെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. അടിയന്തര സാഹചര്യത്തില്‍ ചെലവിട്ട തുകകള്‍ കൂടി ഉള്‍പ്പെടുത്തി വീണ്ടും കണക്ക് സമര്‍പ്പിക്കാന്‍ കേന്ദ്രസംഘം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലയില്‍ പ്രളയക്കെടുതിയുണ്ടായ വിവിധ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു.

നീതി ആയോഗ് അഡ്‌വൈസര്‍ ഡോ.യോഗേഷ് സുരി, കേന്ദ്ര കുടിവെളളവിതരണം ശുചിത്വ വകുപ്പ് മന്ത്രാലയം അഡീ.അഡ്‌വൈസര്‍ ഡോ.ദിനേഷ് ചന്ദ്, കേന്ദ്ര റോഡ് ഗതാഗതം ഹൈവേ മന്ത്രാലയം റീജിനല്‍ ഓഫീസര്‍ വി.വി ശാസ്ത്രി എന്നിവരടങ്ങുന്ന സംഘമാണ് പ്രളയക്കെടുതി വിലയിരുത്താന്‍ പാലക്കാട് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയും ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് നഷ്ടക്കണക്കുകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ സംഘം നിര്‍ദേശിച്ചത്. യോഗത്തിനു ശേഷം കേന്ദ്ര സംഘം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

നെല്ലിയാമ്പതിയിലേക്കുള്ള തകര്‍ന്ന റോഡുകളും പാലക്കാട് ഒന്ന് രണ്ട് വില്ലേജുകളിലെ കോളനികളിലെ തകര്‍ന്ന വീടുകളും മണ്ണാര്‍ക്കാട് മേഖലയുമാണ് സംഘം സന്ദര്‍ശിച്ചത്.

Similar Posts