< Back
Kerala
ഉരുള്‍ പൊട്ടലുണ്ടായ മേഖലകളില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി പാറ ഖനനം; ആശങ്കയോടെ  നാട്ടുകാര്‍  
Kerala

ഉരുള്‍ പൊട്ടലുണ്ടായ മേഖലകളില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി പാറ ഖനനം; ആശങ്കയോടെ നാട്ടുകാര്‍  

Web Desk
|
24 Sept 2018 11:12 AM IST

കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടിയപ്രദേശങ്ങളിലെ ക്വാറികളില്‍ നിയമം ലംഘിച്ച്പാറ ഖനനം. പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. കൂടരഞ്ഞിയില്‍ ക്വാറികളുടെ പ്രവര്‍ത്തനവും ഉരുള്‍പൊട്ടലിന് കാരണമായെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറപൊട്ടിക്കുന്നത്.

അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കൊടിയത്തൂര്‍ പഞ്ചായത്തിലെ കൊളക്കാടന്‍ മലയില്‍ ഇക്കുറി ഉരുള്‍ പൊട്ടിയത് നിരവധിയിടങ്ങളിലാണ്. സ്ഫോടക വസ്തുക്കളുപയോഗിച്ച് തുരന്നെടുക്കുകയാണ് ഇപ്പോള്‍ ഈ മലയെ.

17 ക്വാറികളിലധികം കൊടിയത്തൂര്‍ പഞ്ചായത്തിലുണ്ട്. പല ക്വാറികളിലും ഉരുള്‍പ്പൊട്ടലുകളുണ്ടായി. ക്വാറികളിലെ ഉരുള്‍ പൊട്ടലിനെ കുറിച്ചുളള സമഗ്രമായ റിപ്പോര്‍ട്ട് കൊടിയത്തൂര്‍ വില്ലേജ് ഓഫീസര്‍ തഹസില്‍ ദാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കൂടരഞ്ഞി വില്ലേജിലെ ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടുണ്ട്. പക്ഷേ അതേ സ്ഥലത്ത് ഇപ്പോഴും ഖനനം നിര്‍ബാധം തുടരുന്നു.

സബ് കലക്ടര്‍ വിഘ്നേശ്വരി നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ മുപ്പതിലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. അനുമതി നല്‍കിയതിന്‍റെ ഇരട്ടി അളവില്‍ പലയിടത്തും ഖനനം നടത്തുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ മറ്റൊരു വലിയ ദുരന്തത്തിനാകും മലയോര മേഖല സാക്ഷ്യം വഹിക്കുക.

Similar Posts