< Back
Kerala
മംഗലം ഡാമിനടുത്തു കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലി ചത്തു
Kerala

മംഗലം ഡാമിനടുത്തു കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

Web Desk
|
25 Sept 2018 8:38 AM IST

വയറില്‍ കുറുക്കു മുറുകിയത് മൂലം ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേറ്റതാവാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പാലക്കാട് മംഗലം ഡാമിനടുത്തു കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലി ചത്തു. മയക്കു വെടിവെക്കാനുള്ള സംഘം എത്താന്‍ വൈകിയത് മൂലം ഏഴ് മണിക്കൂറാണ് പുലി കുരുക്കില്‍ കിടന്നത്. വയറില്‍ കുറുക്കു മുറുകിയത് മൂലം ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേറ്റതാവാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാവിലെ ആറുമണിയോടെ തന്നെ പന്നിയെ പിടിക്കാനുള്ള കെണിയില്‍ പുലി കുരുങ്ങിയതായി വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു. വനം വകുപ്പ് അധികാരികളും പൊലീസും ഫയര്‍ ഫോഴ്സുമൊക്കെ എത്തിയിട്ടും പന്ത്രണ്ടേ കാലിനു മാത്രമാണ് മണ്ണുത്തിയില്‍ നിന്നുള്ള മയക്കുവെടി സംഘം എത്തുന്നത്. ഏഴു മണിക്കൂര്‍ പുലി കുരുക്കില്‍ തന്നെ കിടന്നു.അപ്പോഴേക്കും പുലി വളരെ അവശനായിരുന്നു. കുരുക്ക് നടുവയറ്റിലായിരുന്നതിനാൽ പുലിയുടെ ഓരോ നീക്കവും കുരുക്കു മുറുകാനിടയാക്കി.

മൂന്നു വട്ടം മയക്കു വെടി വെച്ചതിനു ശേഷം ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് പുലിയെ കൂട്ടിലാക്കി കൊണ്ട് പോകുന്നത്. ആദ്യം മംഗലം ഡാമിലെ വനം വകുപ്പ് ഓഫീസിലേക്കും പിന്നീട് ധോനിയിലെ മൃഗാശുപത്രിയിലേക്കും പരിശോധനകള്‍ക്കായി പുലിയെ എത്തിച്ചു. ധോണിയില്‍ എത്തുമ്പോഴേയ്ക്കും പുലി ചത്തിരുന്നു. പുലിക്കു പുറമേ കാട്ടാന ശല്യവും രൂക്ഷമായ പാലക്കാടു ജില്ലയില്‍ മൃഗങ്ങളെ മയക്കു വെടിവയ്ക്കാനുള്ള മരുന്നില്ലാത്ത പ്രശ്നം ഈ സംഭവത്തോടെ വീണ്ടും ചർച്ചാ വിഷയമായിട്ടുണ്ട്.

Similar Posts