< Back
Kerala
മടപ്പള്ളി കോളേജ് അക്രമം; പ്രതികള്‍ക്കെതിരെ ദുര്‍ബ്ബല വകുപ്പുകളാണ്  ചുമത്തിയതെന്ന് ആരോപണം
Kerala

മടപ്പള്ളി കോളേജ് അക്രമം; പ്രതികള്‍ക്കെതിരെ ദുര്‍ബ്ബല വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപണം

Web Desk
|
25 Sept 2018 8:44 AM IST

എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം വീണ്ടും മൊഴി രേഖപ്പെടുത്തിയിട്ടും ശക്തമായ നടപടികളിലേക്ക് കടക്കാന്‍ പൊലീസ് മടിക്കുന്നുവെന്നാണ് പരാതി. 

മടപ്പള്ളി കോളേജില്‍ പെണ്‍കുട്ടികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതിയില്‍ പ്രതികള്‍ക്കെതിരെ ദുര്‍ബ്ബല വകുപ്പുകളാണ് പൊലീസ് ചുമത്തിയതെന്ന് ആരോപണം. എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം വീണ്ടും മൊഴി രേഖപ്പെടുത്തിയിട്ടും ശക്തമായ നടപടികളിലേക്ക് കടക്കാന്‍ പൊലീസ് മടിക്കുന്നുവെന്നാണ് പരാതി. പ്രതികളായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

സാധാരണ ക്യാമ്പസുകളിലെ രാഷ്ട്രീയ സംഘര്‍ഷത്തിനപ്പുറത്തുള്ള പ്രശ്നങ്ങളാണ് 19-ാം തിയതി മടപ്പള്ളി കോളേജില്‍ അരങ്ങേറിയത്. കോളേജിന് അകത്തുവെച്ചും പുറത്തുവെച്ചും പെണ്‍കുട്ടികളെ മര്‍ദ്ദിച്ചു. ഫ്രെട്ടേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകരായ സല്‍വ,സഫ് വാന,എം.എസ്.എഫ് ഹരിത പ്രവര്‍ത്തക തംജിത എന്നിവരെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. എന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താന്‍ തയ്യാറാകാത്ത പോലീസ് നിലപാട് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് ആക്ഷേപം. നിസാര വകുപ്പുകള്‍ ചുമത്തിയതിനാല്‍ അറസ്റ്റിലായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിച്ചു.

അതേസമയം കോളേജിനു പുറത്തുവെച്ച് പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ വ്യാപാരികളെ മര്‍ദ്ദിച്ച കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ജാമ്യമില്ല വകുപ്പു ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്.ഇതുകൊണ്ടുതനെ മൂന്ന് പേര്‍ റിമാന്‍ഡിലാണ്.പെണ്‍കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം എടുത്ത കേസിലും നിസാര വകുപ്പുകളാണ് ചുമത്തിയത്. വിഷയം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി സംഘടനകള്‍ വടകര റൂറല്‍ എസ്.പിയെ കണ്ടിരുന്നു.തുടര്‍ന്ന് പൊലീസ് വിദ്യാര്‍ഥികളുടെ മൊഴി വീണ്ടും രേഖപെടുത്തിയെങ്കിലും ഇതുവരെ പുതിയ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടില്ല.

Similar Posts