< Back
Kerala
വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ വരില്ല; പുനപ്പരിശോധനാ ഹരജി നല്‍കുന്ന കാര്യം പരിഗണനയിലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് 
Kerala

വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ വരില്ല; പുനപ്പരിശോധനാ ഹരജി നല്‍കുന്ന കാര്യം പരിഗണനയിലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് 

Web Desk
|
30 Sept 2018 1:03 PM IST

തന്‍റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. വിധിയുണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതവും ബുദ്ധിമുട്ടും പരിഗണിക്കണമെന്ന് ചെന്നിത്തല.

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹരജി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പത്മകുമാറിന്റെ പ്രതികരണം. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിലേക്ക് വരില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു.

ഇന്ന് രാവിലെ 9 മണിയോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങള്‍ പ്രസിഡന്‍റ് എ പത്മകുമാറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ പ്രതിനിധി സംഘം സുപ്രീംകോടതി വിധിക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. വിധിക്കെതിരെ പുനപ്പരിശോധന ഹരജി നല്‍കുന്ന കാര്യം പരിഗണിക്കും. കോടതി വിധിയുണ്ടെങ്കിലും വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ വരില്ലെന്നും പത്മകുമാര്‍ പറ‍ഞ്ഞു.

വിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൌകര്യം ഒരുക്കാന്‍ സമയപരിധിയുണ്ട്. മണ്ഡലകാലം കണക്കിലെടുത്ത് ശബരിമലയില്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. നിലക്കലില്‍ 100 ഹെക്ടര്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനപ്പരിശോധന ഹരജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടത് സര്‍ക്കാറും എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡും പരസ്പര വിരുദ്ധമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. ഈ ഇരട്ടത്താപ്പ് കോടതിയില്‍ കേസിനെ പ്രതികൂലമായി ബാധിച്ചെന്നും ചെന്നിത്തല ആരോപിച്ചു.

Related Tags :
Similar Posts