< Back
Kerala
വിഴിഞ്ഞത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍ 
Kerala

വിഴിഞ്ഞത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍ 

Web Desk
|
2 Oct 2018 5:26 PM IST

ഇവരെ ഉടന്‍ തിരിച്ചയക്കുമെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം വിഴിഞ്ഞത്ത് എത്തിയ റോഹിങ്ക്യന്‍ കുടുംബത്തെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ അ‍ഞ്ച് പേരടങ്ങുന്ന കുടുംബത്തെയാണ് കസ്റ്റഡിയിലെടുത്തത്. യുഎന്നിന്റെ തിരിച്ചറിയല്‍ രേഖയുള്ളത് കൊണ്ട് ഇവരെ തിരിച്ചയക്കുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

ഹൈദരാബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തിയ ഇവർ ഇന്ന് രാവിലെ ഓട്ടോയിലാണ് വിഴിഞ്ഞത്ത് എത്തിയത്. കഴിഞ്ഞ 2 വർഷമായി ഹൈദരാബാദിൽ കഴിഞ്ഞിരുന്ന തയ്യൂബ്, ഭാര്യ സഫൂറ, മകൻ സഫിയാൻ, സഹോദരൻ അർഷാദ്, ഭാര്യാ സഹോദരൻ അൻവർ ഷാ എന്നിവരെയാണ് വിഴിഞ്ഞം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഹൈദരാബാദിൽ ജോലി ചെയ്തിട്ടും ശമ്പളം ഒന്നും കിട്ടുന്നില്ലെന്നും,തീരമേഖലയില്‍ ജോലി കിട്ടുമെന്ന് ചിലര്‍ പറഞ്ഞതിനനുസരിച്ചാണ് വിഴിഞ്ഞത്ത് എത്തിയതെന്നുമാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി.

മ്യാൻമറിലെ മ്യാവ് ജില്ല സ്വദേശികളായ ഇവർ ഇന്ത്യയിലേക്ക് വിമാനമാർഗം ആണ് എത്തിയത്. യുഎന്നിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളത് കൊണ്ട് ഇവരെ ഡല്‍ഹിയിലേക്ക് തിരിച്ചയക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രഥമദൃഷ്ട്യാ സംശയിക്കാൻ തക്കതൊന്നുമില്ലെന്നും എന്നാൽ കൂടുതൽ അന്വേഷണം നടത്തുമെന്നും വിഴിഞ്ഞത്തെ സ്റ്റേഷന്‍ ഹൗസ്‌ ഒാഫീസറായ ബൈജു പറഞ്ഞു.

Related Tags :
Similar Posts