
മലപ്പുറത്ത് റെഡ് അലേര്‍ട്ട്: മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍
|റെഡ് അലെര്‍ട്ട് പിന്‍വലിക്കും വരെ ക്വാറികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തലാക്കിയെന്നും കലക്ടര്‍ അറിയിച്ചു.
ഞായറാഴ്ച മലപ്പുറം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ. ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണ്. മുന്നൊരുക്കത്തിന്റെ ഭാഗമായി തൃശൂരില്‍ നിന്നുള്ള ദേശീയ ദുരന്ത നിവാരണസേനയും മലപ്പുറത്ത് എത്തി.
റെഡ് അലേര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ താലൂക്കുകള്‍ തോറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. വില്ലേജുകള്‍ തോറും ക്യാന്പുകള്‍ സജ്ജമാക്കും, ക്യാമ്പുകളില്‍ ഭക്ഷണവും വെള്ളവുമടക്കം അടിസ്ഥാനാവശ്യങ്ങള്‍ ഉറപ്പുവരുത്തും. ഉരുള്‍പൊട്ടല്‍മേഖലകളില്‍നിന്ന് ആളുകളെ മാറ്റിത്താമസിപ്പിക്കും. മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍കണ്ട് ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കും. ആശുപത്രികളില്‍ 24 മണിക്കൂറും സേവനം ലഭിക്കും. കെ.എസ്.ഇ.ബി അഗ്നിശമനസേന, പി.ഡബ്ലു.ഡി വാട്ടര്‍ അതോറിട്ടി തുടങ്ങിയവ പൂര്‍ണ്ണ സജ്ജമായിരിക്കും. തീരദേശത്തും മലയോരമേഖലയിലും പ്രത്യേക ശ്രദ്ധയുണ്ടാവും, തീരത്ത് ഫിഷറീസ് വിഭാഗവും മലയോരത്ത് ഐ.ടി.ഡി.സി പ്രൊജക്ട് ഓഫീസര്‍മാരും ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനവും ജില്ലയില്‍ ലഭിക്കും. റെഡ് അലെര്‍ട്ട് പിന്‍വലിക്കും വരെ ക്വാറികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തലാക്കിയെന്നും കലക്ടര്‍ അറിയിച്ചു. മലപ്പുറത്ത് വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സംയുക്തയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍.