
ആദിവാസി യുവാക്കളെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ച എസ്.ഐക്ക് സ്ഥലം മാറ്റം
|പാലക്കാട് മീനാക്ഷിപുരം എസ്.ഐ ആര്‍.വിനോദിനെയാണ് എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്.
ആദിവാസി യുവാക്കളെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചെന്ന പരാതിയെത്തുടർന്ന് എസ്.ഐക്ക് സ്ഥലം മാറ്റം. പാലക്കാട് മീനാക്ഷിപുരം എസ്.ഐ ആര്‍.വിനോദിനെയാണ് എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. ആദിവാസി യുവാക്കൾക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
മീനാക്ഷിപുരത്ത് ക്ഷേത്ര ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നതിനിടെ യുവാക്കള്‍ തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു. സംഘട്ടനത്തില്‍ തങ്ങള്‍ രണ്ടുപേര്‍ക്കും ഒരു സുഹൃത്തിനും മര്‍ദ്ദനമേറ്റതായി സഞ്ജയ് നിധീഷ് എന്നീ യുവാക്കൾ പറയുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പോയി. പിന്നീടാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്റ്റേഷനില്‍ വെച്ച് എസ്.ഐ തല മൊട്ടയടിക്കാനാവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചു. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി മൊട്ടയടിപ്പിക്കുകയാണുണ്ടായതെന്ന് നിധീഷും സഞ്ജയും പറഞ്ഞു.
ഇരുവരും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് എസ്.ഐ ആര്‍.വിനോദിനെ എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. ആദിവാസി യുവാക്കൾക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയാണ് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുന്നത്.