< Back
Kerala
യുഡിഎഫ് നേതൃയോഗവും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയും ഇന്ന്
Kerala

യുഡിഎഫ് നേതൃയോഗവും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയും ഇന്ന്

Web Desk
|
8 Oct 2018 7:46 AM IST

ബ്രുവറി, ശബരിമല വിവാദങ്ങളില്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും

ശബരിമല ബ്രുവറി വിവാദങ്ങളില്‍ സര്‍ക്കാരിനെതിരായ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് യോഗം. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയും ഇന്ന് ചേരും. ബ്രുവറി ഇടപാടില്‍ എക്സൈസ് മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്ക് പോകാന്‍ തീരുമാനിച്ചേക്കും. റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസിന്‍റെ രാജ്ഭവന്‍ ധര്‍ണയും ഇന്ന്.

ബ്രുവറി ഇടപാടില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞതിന് പിന്നാലെ ശബരിമല സ്ത്രീപ്രവേശന വിഷയം കൂടി ന്നതോടെ പതിവില്‍ കവിഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ബ്രുവറി വിവാദത്തില്‍ ആദ്യാന്തം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍കഴിഞ്ഞെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. എക്സൈസ് മന്ത്രിക്കെതിരെ അഴിമതി കേസ് എടുക്കുന്ന രീതിയിലേക്ക് നിയമനടപടി കൂടി സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടമാകുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച തുടര്‍നടപടികളും പ്രക്ഷോഭ പരിപാടികളും രാവിലെ 9ന് ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. ശബരിമലയില്‍ സ്ത്രീപ്രവേശത്തിലെ കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിച്ചതിലുളള പ്രതിഷേധത്തി‍ന്റെ ഭാഗമാകാന്‍ കഴിഞ്ഞതും ഗുണമായെന്നാണ് മുന്നണി വിലയിരുത്തന്നത്.

ബി.ജെ പി രീതിയില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാനും വിശ്വാസികളുടെ പിന്തുണ നേടാനും കഴിഞ്ഞെന്നും അവര്‍ വിലയിരുത്തുന്നു. ലീഗും കേരള കോണ്‍ഗ്രസും കോണ്‍ഗ്രസ് നിലപാടിനെ പിന്തുണക്കുകയും ചെയ്തു. വിഷയത്തില്‍ മുന്നണി എടുക്കേണ്ട തുടര്‍ നടപടികളും യു.ഡിഎഫ് ചര്‍ച്ച ചെയ്യും. ഉച്ചക്ക് ശേഷം 3 ന് നടക്കുന്ന കെ.പി.സി.സി രാഷ്ട്രീയ സമിതിയോഗത്തിലും ബ്രുവറി ശബരിമല എന്നിവക്കൊപ്പം കെ.പി.സി.സി ഭാരവാഹി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തുടക്കമിടും. രാവിലെ 10 മുതല്‍ ഉച്ചവരെയാണ് രാജ്ഭവന്‍ ധര്‍ണ. റഫാല്‍ ഇടപാടിലെ അഴിമതിയും ഇന്ധനവില വര്‍ധനയും ഉയര്‍ത്തിയാണ് രാജ്ഭവന്‍ ധര്‍ണ സംഘടിപ്പിക്കുന്നത്.

Related Tags :
Similar Posts