< Back
Kerala
മുസ്‍ലിം സ്ത്രീകളുടെ പള്ളി പ്രവേശനം;  ഹരജി തള്ളി
Kerala

മുസ്‍ലിം സ്ത്രീകളുടെ പള്ളി പ്രവേശനം; ഹരജി തള്ളി

Web Desk
|
11 Oct 2018 1:45 PM IST

ഹരജിക്കാരന് ഇത്തരം ആവശ്യമുന്നയിക്കാൻ അവകാശമില്ലന്ന് കോടതി ചൂണ്ടി കാട്ടി. ശബരിമല സ്ത്രീ പ്രവേശനത്തെയും മുസ്‍ലിം സ്ത്രീകളുടെ പള്ളി പ്രവേശത്തെയും കൂട്ടിക്കുഴക്കേണ്ടതില്ലന്നും കോടതി വ്യക്തമാക്കി

മുസ്‍ലിം സ്ത്രീകൾക്ക് മസ്ജിദുകളിൽ പ്രവേശനം അനുവദിക്കണമെന്നും വസ്ത്രധാരണത്തിന് സ്വതന്ത്യം നല്‍കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജി ഹൈക്കോടതി തള്ളി. അഖില ഭാരതീയ ഹിന്ദുമഹാസഭ കേരള പ്രസിഡണ്ട് സ്വാമി ദത്താത്രേയസായി സ്വരൂപാനന്ദയാണ് ഹരജി നൽകിയത്. ഹരജിക്കാരന് ഇത്തരം ആവശ്യമുന്നയിക്കാൻ അവകാശമില്ലന്ന് കോടതി ചൂണ്ടി കാട്ടി. ശബരിമല സ്ത്രീ പ്രവേശനത്തെയും മുസ്‍ലിം സ്ത്രീകളുടെ പള്ളി പ്രവേശത്തെയും കൂട്ടിക്കുഴക്കേണ്ടതില്ലന്നും കോടതി വ്യക്തമാക്കി. വിവേചനമുണ്ടെന്ന് മുസ്‍ലിം സ്ത്രീകൾ പരാതി ഉന്നയിച്ചിട്ടില്ല. മുസ്‍ലിം സ്ത്രീകൾ പരാതിയുമായി കോടതിയെ സമീപിച്ചിട്ടില്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടി കാട്ടി. വിവേചനമുണ്ടെണ് തെളിയിക്കാൻ ഹരജിക്കാരന് കഴിഞ്ഞിട്ടില്ലന്നും കോടതി വ്യക്തമാക്കി.

മുസ്‍ലിംകളുടെ പ്രധാന പ്രാർഥനാ കേന്ദ്രമായ മക്കയില്‍ പ്രാർഥന നടത്തുന്നതിന് മുസ്‌ലീം സ്ത്രീകള്‍ക്ക് തടസമില്ലെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, ഇവിടെ മുസ്‍ലിം സ്ത്രീകൾ പള്ളിയിൽ പ്രേവശിക്കുന്നത് മത മേലധികാരികൾ വിലക്കിയിരിക്കുകയാണ്. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശത്തിനും തുല്യതക്കുള്ള അവകാശത്തിനും എതിരാണ്. ഒരു വ്യക്തിയുടെ വസ്ത്രധാരണം അയാളുടെ അന്തസുമായി ബന്ധപ്പെട്ടതാണ്. എന്നാൽ, പർദ ധരിക്കാൻ മുസ്‍ലിം സ്ത്രീകൾ നിർബന്ധിക്കപ്പെടുകയാണ്. വ്യക്തി സ്വാതന്ത്ര്യത്തിനും സാമൂഹിക സുരക്ഷക്കും എതിരായ നടപടിയാണിത്, ഹരജിക്കാരന്‍ പറയുന്നു.

Similar Posts