< Back
Kerala
കഴിഞ്ഞ വര്‍ഷം 70 കോടി രൂപയാണ് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയതെന്ന് കടകംപള്ളി
Kerala

കഴിഞ്ഞ വര്‍ഷം 70 കോടി രൂപയാണ് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയതെന്ന് കടകംപള്ളി

Web Desk
|
12 Oct 2018 7:52 AM IST

ബരിമല വിഷയത്തിലൂന്നി ഹിന്ദു സംഘടനകള്‍ സര്‍ക്കാരിനെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയ തുക ദേവസ്വം മന്ത്രി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 70 കോടി രൂപയാണ് സംസ്ഥാന ഖജനാവില്‍ നിന്ന് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തിലൂന്നി ഹിന്ദു സംഘടനകള്‍ സര്‍ക്കാരിനെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയ തുക ദേവസ്വം മന്ത്രി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

ശബരിമല തീര്‍ത്ഥാടനത്തിനുള്‍പ്പെടെ 35 കോടി രൂപയാണ് കഴി‍ഞ്ഞ വര്‍ഷം മാത്രം തിരുവിതാംകൂര്‍ ദേവസ്വത്തിന് നല്‍കിയത്. പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷത്തിന് പുറമെയാണിത്. റോഡ് നിര്‍മ്മാണം, ഗതാഗത സൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കായി വിവിധ വകുപ്പുകള്‍ മുടക്കുന്ന തുക ഇതിന് പുറത്താണ്. ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിനായി ഈ വര്‍ഷം 150 കോടി രൂപ അനുവദിച്ചു. ഈ വര്‍ഷം 210 കോടിയോളം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപ നല്‍കി. ക്ഷേത്രങ്ങള്‍ക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപ മലബാര്‍ ദേവസ്വം ബോര്‍ഡിനും നല്‍കി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് പ്രതിവര്‍ഷം 20 ലക്ഷം രൂപ നല്‍കിവരുന്നു. മിത്രാനന്ദപുരം കുളം നവീകരണത്തിന് 1 കോടി രൂപയും, വിദഗ്ധസമിതി പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയും ചെലവഴിച്ചു.

ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ള പണവും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് ഇത് നന്നായി അറിയാമെങ്കിലും, വിശ്വാസികളെ വര്‍ഗീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള നുണ പ്രചാരണമാണ് അവര്‍ തുടരുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Similar Posts