< Back
Kerala
ശബരിമല തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍  പുരോഗമിക്കുന്നു
Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Web Desk
|
13 Oct 2018 9:48 AM IST

സന്നിധാനത്ത് കൂടുതല്‍ ശുദ്ധജലംസംഭരിക്കുന്നതിനായി കൂറ്റന്‍ ജല സംഭരണിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 

ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിലയ്ക്കലില്‍ 25 ലക്ഷം ലിറ്റര്‍ കുടിവെള്ളം അധികമായി സംഭരിക്കും. സന്നിധാനത്ത് കൂടുതല്‍ ശുദ്ധജലംസംഭരിക്കുന്നതിനായി കൂറ്റന്‍ ജല സംഭരണിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.

ബേസ് ക്യാമ്പായ നിലവില്‍ 40 ലക്ഷം ലിറ്റര്‍ ശുദ്ധജലം സംഭരിച്ചിട്ടുണ്ട്. ഇത് 65 ലക്ഷം ലിറ്ററായി ഉയര്‍ത്തും. ഇതിനായുളള വെള്ളം സീതത്തോടില്‍ നിന്ന് കണ്ടെത്തും. ആയിരം ടാപ്പുകളിലൂടെ ഇവിടെ കുടിവെള്ളം വിതരണം ചെയ്യും. കൂടാതെ വാട്ടര്‍ കിയോസ്കുകളും അധികമായി സ്ഥാപിക്കും. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കുടിവെള്ള വിതരണ പൈപ്പുകള്‍ ജല അതോറിറ്റി പുനസ്ഥാപിച്ചിരുന്നു. ആര്‍.ഒ പ്ലാന്റുകള്‍ വഴി ഇവിടെ കുടിവെള്ളം വിതരണം ചെയ്യും. മലകയറുന്ന ഭക്തര്‍ക്ക് പാതയോരത്ത് കുടിവെള്ളം ലഭ്യമാക്കുന്നതിന് ദേവസ്വത്തിനും വിപുലമായ പദ്ധതിയുണ്ട്. സന്നിധാനത്തെ കുടിവെള്ള ദൌര്‍ലഭ്യത്തിന് പരിഹാരമെന്ന നിലയിലാണ് പാണ്ടിത്താവളത്തിന് സമീപം പുതിയ ജലസംഭരണിയുടെ നിര്‍മാണം പുരോഗമിക്കുന്നത്. 40 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണി സന്നിധാനത്തെ ഏറ്റവും വലിയ ശുദ്ധജല ടാങ്കാണ്. നിലവില്‍ 8 ജലസംഭരണികളാണ് സന്നിധാനത്ത് ഉള്ളത്. കുന്നാര്‍ ഡാമില്‍ നിന്നുള്ള ജലമാണ് ഇവിടെ സംഭരിക്കുക. പ്രളയത്തെ തുടര്‍ന്നു കുന്നാര്‍ ഡാമില്‍ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാനും നടപടിയായിട്ടുണ്ട്.

Related Tags :
Similar Posts