< Back
Kerala
മഞ്ചേശ്വരം എം.എല്‍.എ അബ്ദുല്‍ റസാഖ് അന്തരിച്ചു
Kerala

മഞ്ചേശ്വരം എം.എല്‍.എ അബ്ദുല്‍ റസാഖ് അന്തരിച്ചു

Web Desk
|
20 Oct 2018 1:42 PM IST

കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 2011 മുതല്‍ മഞ്ചേശ്വരം എം.എല്‍.എയാണ്.

മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ചു. 61 വയസ്സായിരുന്നു. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഖബറടക്കം രാത്രി 10 മണിക്ക് കാസർകോട് ആലംപാടി ജുമ മസ്ജിദ് ഖബറിസ്ഥാനിൽ.

പനിയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അബ്ദുല്‍ റസാഖ്. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം. അബ്ദുല്‍ റസാഖിന്റെ ഭൗതിക ശരീരം അവസാനമായി ഒന്ന് കാണാൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരങ്ങളാണ് ഒഴുകി എത്തുന്നത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖൻ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.

രണ്ട് തവണയാണ് അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്. ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ്, ഗ്രാമ പഞ്ചായത്ത് അംഗം, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. 2011ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറെ വിജയ പ്രതീക്ഷ പുലർത്തിയിരുന്ന ബി.ജെ.പിയെ 89 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി രണ്ടാമതും നിയമസഭാംഗമായി.

ലീഗ് ദേശീയ വര്‍ക്കിംഗ് കമ്മറ്റി അംഗം, സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം, കാസര്‍കോട് സംയുക്ത ജമാഅത്ത് ആക്ടിംഗ് പ്രസിഡന്‍റ്, നെല്ലിക്കട്ട, നീര്‍ച്ചാല്‍ ജമാഅത്തുകളുടെ പ്രസിഡന്‍റ്, ആലംപാടി നൂറുല്‍ ഇസ്‍ലാമിക്ക് യത്തീംഖാന വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

അബ്ദുൾ റസാഖ് എംഎല്‍എയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ വിവിധ നേതാക്കള്‍ അനുശോചിച്ചു. കാസർകോട് ജില്ലയുടെ വികസന പ്രർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നം ഉയർത്തി കൊണ്ടുവന്ന നേതാവായിരുന്നു അബ്ദുല്‍ റസാഖെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അബ്ദുല്‍ റസാഖിന്റെ മരണം സംസ്ഥാന രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

Similar Posts